കന്നുകാലിയെ മേയ്ച്ച് ലാലുവിന്റെ തുടക്കം; ഒടുവില്‍ കാലിത്തീറ്റയിൽ വീണു

ലാലു പ്രസാദ് യാദവ്

ബാല്യത്തിൽ ദാരിദ്ര്യം നിമിത്തം അയൽക്കാരന്റെ പശുക്കളെ മേയ്ക്കാനായി പോയ കുട്ടിയായിരുന്നു കന്നുകാലി വിഷയത്തിൽ തട്ടിവീണ് രാഷ്ട്രീയവിധി മാറിമറഞ്ഞ ലാലു പ്രസാദ് യാദവ്. അച്ഛൻ കുന്ദൻറായിയുെട മരണത്തെത്തുടർന്ന് വസ്തുവകകളും കൃഷിഭൂമിയും അന്യാധീനപ്പെട്ടു. ലാലുവിന്റെ പഠനവും മുടങ്ങി. മൂത്ത സഹോദരൻ മുകുന്ദറായിക്ക് പട്ന വെറ്ററിനറി കോളജിൽ ജോലി കിട്ടിയതോടെയാണ് നല്ല കാലം തെളിഞ്ഞത്.

വിദ്യാഭ്യാസം പുനരാരംഭിച്ച അദ്ദേഹം പട്ന സർ‍വകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദം നേടി. വിദ്യാർഥിയായിരുന്ന കാലത്തുതന്നെ രാഷ്ട്രീയരംഗത്തെത്തിയ ലാലു പട്ന സർവകലാശാല യൂണിയൻ പ്രസിഡന്റായിരുന്നു. ആവേശവും നർമവും ഒന്നു പോലെ വിതറുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലിയും നേതൃപാടവവും ജയപ്രകാശ് നാരായണന്റെ ശ്രദ്ധയിൽപെട്ടു. അഴിമതിക്കെതിരെ 1974–ൽ ജെപി യുടെ ‘സമ്പൂർണ വിപ്ലവം’ തുടങ്ങുമ്പോൾ വിദ്യാർഥി വിഭാഗം ചുമതല ലാലുവിനായിരുന്നു.1977ൽ ചപ്രയിൽനിന്ന് ജനതാപാർട്ടിയുടെ സ്ഥാനാർഥിയായി, പോൾ ചെയ്ത വോട്ടുകളിൽ 86 ശതമാനം നേടി വിജയിച്ച് അദ്ദേഹം ലോക്സഭയിലെത്തി. 80–ൽ പരാജയപ്പെട്ടെങ്കിലും സോൺപൂരിൽനിന്ന് നിയമസഭയിലേക്കെത്തി. കർപൂരി ഠാക്കൂറിന്റെ വിശ്വസ്തനായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന ലാലുവിനെത്തേടി 1990–ൽ മുഖ്യമന്ത്രിസ്ഥാനവുമെത്തി. 1995-ലെ തെരഞ്ഞെടുപ്പിൽ ജനതാദളിനെ വിജയത്തിലേക്ക് നയിച്ചു വീണ്ടും മുഖ്യമന്ത്രിയായി തിളങ്ങിനിൽക്കുമ്പോഴാണ് കാലിത്തീറ്റക്കേസ് ഇടിത്തീപോലെ വീണിറങ്ങിയത്.

ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനം പോലും ആഗ്രഹിക്കാവുന്ന രാഷ്ട്രീയകാലാവസ്ഥയിൽനിന്നു ജയിലിലേക്കു നീങ്ങാനായി ലാലുവിന്റെ യോഗം. 1997ൽ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നെങ്കിലും ഭാര്യ റാബ്റി ദേവിയെ ആ സ്ഥാനത്ത് അവരോധിച്ച് ജയിലിൽനിന്ന് റിമോട്ട് കൺട്രോൾ ഭരണം നടത്തി ലാലു. 1999–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാധേപൂർ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടു. രാഷ്ട്രീയ ജനതാദൾ എന്ന സ്വന്തം കക്ഷിയെ നയിച്ച് റാബ്റി ദേവിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയെങ്കിലും ലാലുവിന്റെ പ്രതാപം ഇടിയുകയായിരുന്നു. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ വെറും 22 സീറ്റിൽ അദ്ദേഹത്തിന്റെ പാർട്ടി ഒതുങ്ങി. 2004–ലെ ആദ്യ യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു.

2009 –ലെ ലോക്സഭയിലെത്തിയെങ്കിലും കാലിത്തീറ്റക്കേസ് വീണ്ടും വില്ലനായി. സിബിഐ സ്‌പെഷൽ കോടതി 2013–ൽ കോടതി അഞ്ചുവർഷം ശിക്ഷിച്ചതിനെത്തുടർന്ന് എംപി സ്ഥാനം നഷ്ടമായി. ക്രിമിനൽ കേസുകളിൽ രണ്ടുവർഷമോ അതിലേറെയോ ശിക്ഷിക്കപ്പെടുന്ന എംപിമാരും എംഎൽഎമാരും ഉടൻ അയോഗ്യരാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലായിരുന്നു ഇത്. വിലക്കുള്ളതിനാൽ പിന്നീട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ലാലുവിന് സാധിച്ചില്ല. എങ്കിലും 2015–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും കോൺഗ്രസിനും ഒപ്പം ചേരാനുള്ള തന്ത്രം ഫലം കണ്ടു. ബിജെപിയെ മറികടന്ന് ബിഹാർ ഭരണത്തിൽ പങ്കുചേരാനും രണ്ടു മക്കളെ നിതീഷ് സർക്കാരിൽ മന്ത്രിമാരാക്കാനും ലാലുവിന് കഴിഞ്ഞു.എന്നാൽ 2017 ജൂലൈയിൽ സഖ്യം തകർന്നത് വീണ്ടും തിരിച്ചടിയായി. നിതീഷ് കുമാർ വീണ്ടും ബിജെപി ചേരിയിലേക്ക് മടങ്ങി. നവംബറിൽ തന്റെ രാഷ്ട്രീയ പിൻഗാമിയായി മകൻ തേജസ്വി യാദവിനെ ലാലു നിർദേശിച്ചു.

കള്ളപ്പണക്കേസിൽ ലാലുവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിക്കും ഭർത്താവ് ശൈലേഷ്‌കുമാറിനുമെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം നൽകി. ഈ കേസിൽ ഇരുവരുടെയും ദക്ഷിണ ഡൽഹിയിലെ കൃഷിയിട വസതി കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 2008–09 ൽ കള്ളപ്പണം ഉപയോഗിച്ചു 1.2 കോടി രൂപയ്ക്കു വസതി സ്വന്തമാക്കിയെന്നാണു കേസ്.