വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ മൃതദേഹം യുവതിയുടേത്

കൊച്ചി കുമ്പളത്ത് കോൺക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നു. ചിത്രം: മനോരമ

കൊച്ചി∙ കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ യുവതിയുടേതെന്നു പൊലീസ്. കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയതാണെന്നാണു സംശയം. മുപ്പതിനടുത്ത പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്നും കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി.

ശാന്തിവനം ശ്മശാനത്തിനു വടക്കുവശത്തെ പറമ്പിനോടു ചേർന്ന് കായലിൽ കണ്ടെത്തിയ വീപ്പയെക്കുറിച്ച് ദുരൂഹതയുള്ളതായി മലയാള മനോരമ ഞായറാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

ചെളിയിൽ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്ന വീപ്പയിൽനിന്ന് മാസങ്ങളോളം നെയ് ഉയർന്നു ജലോപരിതലത്തിൽ പരന്നിരുന്നതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ദുർഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുൻപാണ് ചെളിയിൽ പുതഞ്ഞ നിലയിൽ ഇതു കണ്ടത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ വിട്ടുകളയുകയായിരുന്നു.

രണ്ടു മാസം മുൻപ് ഇത് കരയിൽ ഇട്ടു. കരയിൽ മതിൽ പണിതപ്പോൾ കായലിൽനിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയിൽ എത്തിച്ചത്. ഉള്ളിൽ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാർ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിനു ശേഷമാണ് നെട്ടൂരിൽ കായലോരത്ത് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. മൃതദേഹം ജലോപരിതലത്തിൽ ഉയർന്നു വരാതിരിക്കാൻ ചാക്കിൽ ഉണ്ടായിരുന്ന മതിലിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്നതാണ് വീപ്പയിലും കണ്ടത്.

നെട്ടൂരിലേത് കൊലപാതകമാണെന്നു തെളിഞ്ഞെങ്കിലും മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നെട്ടൂർ കായലിൽനിന്ന് അധികം ദൂരമില്ല വീപ്പ കണ്ടെത്തിയ സ്ഥലത്തേക്ക്. ശരീരഭാഗങ്ങൾ പൂർണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തിൽ മുടിയും ഏതാനും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും പിന്നീട് അതിനു മുകളിൽ ഇഷ്ടിക നിറയ്ക്കുകയും ചെയ്തതാണെന്ന് കരുതുന്നു.