കൊറിയയിൽ മഞ്ഞുരുകുന്നു; രണ്ടു വർഷത്തിനുശേഷം പ്രതിനിധികളുടെ കൂടിക്കാഴ്ച

സോൾ∙ ഇരു കൊറിയകൾക്കുമിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചന നൽകി ചർച്ചയ്ക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയ. മാത്രമല്ല, അടുത്തമാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിന് സംഘത്തെ അയയ്ക്കാനും ഉത്തരകൊറിയ സമ്മതിച്ചു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ മുഖാമുഖമിരുന്ന് നടത്തിയ ചർച്ചയിലാണ് ലോകസമാധാനത്തിന് ഏറെ നിർണായകമായ തീരുമാനമുണ്ടായത്.

ഇരു കൊറിയകൾക്കുമിടയിലുള്ള പൻമുഞ്ജോം ഗ്രാമത്തിലാണ് ദക്ഷിണ, ഉത്തര കൊറിയകളുടെ പ്രതിനിധികൾ കൂടിക്കണ്ടത്. ‘വെടിനിർത്തൽ ഗ്രാമം’ എന്നറിയപ്പെടുന്ന ഇവിടം സൈനിക സാന്നിധ്യമില്ലാത്ത മേഖല കൂടിയാണ്. മാത്രമല്ല, വലിയ കോട്ട കെട്ടി ഇവിടം സംരക്ഷിച്ചിട്ടുമുണ്ട്. ചർച്ചയ്ക്കുശേഷം ഇരു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പത്രസമ്മേളനത്തിലാണ് ശീതകാല ഒളിംപിക്സിന് സംഘത്തെ അയയ്ക്കാൻ ഉത്തരകൊറിയ സമ്മതിച്ചതായി അറിയിച്ചത്.

കായികതാരങ്ങളും ഒഫീഷ്യൽസും കലാകാരൻമാരും തായ്കോൻഡോ താരങ്ങളും അടങ്ങുന്ന ടീമിനെ അയയ്ക്കാനാണ് ധാരണയായത്. ഇരു കൊറിയകൾക്കുമിടയിൽ നിലനിൽക്കുന്ന സൈനിക സംഘർഷം ലഘൂകരിക്കുന്നതിന് ചർച്ച സംഘടിപ്പിക്കാനും തീരുമാനിച്ചതായി സംയുക്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി. ദക്ഷിണ കൊറിയയാണ് ചർച്ചയ്ക്കുള്ള നിർദേശം ആദ്യം മുന്നോട്ടുവച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.