കലോൽസവത്തിന് സമയ നിഷ്ഠയില്ല: വിശദീകരണം തേടുമെന്ന് ബാലാവകാശ കമ്മിഷൻ

തൃശൂര്‍∙ കലോ‍ല്‍സവത്തില്‍ മത്സരങ്ങള്‍ നീണ്ടുപോകുകയും വിദ്യാര്‍ഥികള്‍ തളര്‍ന്നു വീഴുന്നതു വര്‍ധിക്കുകയും ചെയ്തിട്ടും നടപടിയെടുക്കാനാകാതെ ബാലാവകാശ കമ്മിഷന്‍. പരാതികള്‍ രേഖാമൂലം ലഭിക്കാത്തതാണു കാരണം. ഒരു പരാതിയെങ്കിലും ലഭിച്ചാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നു കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

സംസ്ഥാന കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം നാടക മത്സരം ആരംഭിക്കേണ്ടിയിരുന്നതു ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക്. മത്സരം തുടങ്ങിയതു മണിക്കൂറുകള്‍ വൈകി. അവസാനിച്ചതു പുലര്‍ച്ചെ ആറു മണിക്ക്. ഇതിനിടെ, വിദ്യാര്‍ഥികളില്‍ പലരും ക്ഷീണിച്ച് അവശരായി. ഒപ്പന മത്സരത്തിലും സമാനമായ സംഭവമുണ്ടായി. കുട്ടികളില്‍ പലരും തളര്‍ന്നു വീണു. അപ്പീലുകള്‍ വര്‍ധിക്കുന്നതും സംഘാടനത്തിലെ പിഴവുമെല്ലാം മത്സരങ്ങള്‍ വൈകുന്നതിനു കാരണമാണ്. ആദ്യദിനം നെഹ്റു പാര്‍ക്കില്‍ നടന്ന എച്ച്എച്ച്എസ് വിഭാഗം മോഹിനിയാട്ട മത്സരം ആരംഭിക്കേണ്ടിയിരുന്നതു രാവിലെ 10 മണിക്ക്. 11 മണിയായിട്ടും വേദിക്കു പിന്നിലെത്തിയതു രണ്ടുപേര്‍ മാത്രം. ഓരോ ജില്ലയില്‍നിന്നും എത്തിയ കുട്ടികളെ വേദിയില്‍ എത്തിക്കാന്‍ ചുമതലപ്പെട്ട വളന്റിയര്‍മാര്‍ ശ്രദ്ധിക്കണമെന്നു പലതവണ മൈക്കിലൂടെ അറിയിപ്പുണ്ടായിട്ടും ആരും എത്തിയിട്ടില്ല. മണിക്കൂറുകള്‍ക്കു ശേഷമാണു മത്സരം തുടങ്ങിയത്. പിറ്റേദിനവും മത്സരങ്ങള്‍ ൈവകുന്നതു തുടര്‍ന്നു.

സബ് ജില്ല, ജില്ല മത്സരവേദികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് അപ്പീലുകള്‍ കൂടാന്‍ കാരണമെന്നു ബാലാവകാശ കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. വയലിന്‍‌ മത്സരം നടക്കുമ്പോള്‍ തൊട്ടുചേര്‍ന്നുള്ള വേദിയില്‍ നാടന്‍പാട്ട് മത്സരമായിരിക്കും. രണ്ടു വേദിയിലേയും മത്സരാര്‍ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും മത്സരത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കും. വേദികളുടെയും സമയത്തിന്റെയും ക്രമീകരണത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ സംഘാടകര്‍ക്കു കഴിയുമെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. ചടങ്ങുപോലെയാണു സബ്ജില്ല, ജില്ല തലത്തില്‍ മത്സരങ്ങള്‍ നടത്തുന്നത്. വിധികര്‍ത്താക്കളുടെ ഇടപെടലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പണം വാങ്ങി കഴിവുള്ള കുട്ടികളെ തഴയുന്നതായി ആരോപണമുണ്ട്. ഇതോടെ, കമ്മിഷനു മുന്നില്‍ അപ്പീലുകള്‍ വര്‍ധിക്കും. ‘സബ് ജില്ലാ മത്സരങ്ങളിലെ അപാകതകളാണ് പ്രശ്നങ്ങളുടെ തുടക്കം. അതു സംസ്ഥാനതലം വരെ വ്യാപിക്കുന്നു. വിധികര്‍ത്താക്കളുടെ അനധികൃത ഇടപെടലിനെ സംബന്ധിച്ച പരാതികളും വര്‍ധിക്കുകയാണ്’-കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു.

മക്കള്‍ സംസ്ഥാന സ്കൂള്‍ മത്സരത്തില്‍ പങ്കെടുത്തെന്നു പൊങ്ങച്ചം പറയാനായി മാത്രം വിദ്യാര്‍ഥികളെ കൊണ്ടു അമിതഭാരം ചുമപ്പിക്കുന്ന രക്ഷകര്‍ത്താക്കളും പ്രധാന പ്രശ്നമാണെന്നു കമ്മിഷന്‍ പറയുന്നു. വിദ്യാര്‍ഥികളുമായി നേരിട്ടു സംസാരിക്കുമ്പോള്‍ രക്ഷകര്‍ത്താക്കളില്‍നിന്നുള്ള അമിത സമ്മര്‍ദം വ്യക്തമാകുന്നതായും കമ്മിഷന്‍ പറയുന്നു. ഇത്തവണ സംസ്ഥാന കലോല്‍സവത്തില്‍ 11 അപ്പീലുകള്‍ മാത്രമാണു കമ്മിഷന്‍ അനുവദിച്ചത്.

കലോല്‍സവത്തില്‍ ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കണമെന്നും സമയനിഷ്ഠ പാലിക്കണമെന്നും കാണിച്ചു പലതവണ കമ്മിഷന്‍ റിപ്പോര്‍ട്ടു നല്‍കിയെങ്കിലും വിദ്യാഭ്യാസ വകുപ്പു നടപടിയെടുത്തില്ലെന്നു കമ്മിഷന്‍ ആരോപിക്കുന്നു. ഈ വര്‍ഷവും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. കലോല്‍സവ മാന്വല്‍ പരിഷ്കരിക്കുമ്പോള്‍ പ്രശ്നം പരിഹരിക്കാനാകുമെന്നായിരുന്നു മറുപടി. മാന്വല്‍ പരിഷ്കരിച്ചിട്ടും ഒരു വ്യത്യാസവും ഉണ്ടാകാത്തതിനാല്‍ ഡിപിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം കേള്‍ക്കാനൊരുങ്ങുകയാണു കമ്മിഷന്‍.