ചോറ്റാനിക്കര കൊലപാതകം: അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം, കാമുകന് വധശിക്ഷ

കൊച്ചി ∙ ചോറ്റാനിക്കര അമ്പാടിമലയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനും ഒന്നാംപ്രതിയുമായ രഞ്ജിത്തിന് വധശിക്ഷ. കോലഞ്ചേരി മീമ്പാറ ഓണംപറമ്പിൽ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂർ കാരിക്കോട്ടിൽ ബേസിൽ, പെൺകുട്ടിയുടെ അമ്മ റാണി എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു.

2013 ഒക്ടോബറിലാണു സംഭവം. ഭർത്താവ് ജയിലിലായതിനാൽ അമ്മ അമ്പാടിമലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളിൽ മൂത്തയാളാണു കൊല്ലപ്പെട്ടത്. രഞ്ജിത്തുമായുള്ള രഹസ്യബന്ധത്തിനു കുട്ടി തടസ്സമായതിനാൽ കൊലപ്പെടുത്തിയെന്നാണു കേസ്. കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.

മകളെ കാണാനില്ലെന്നു കാണിച്ചു ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തറിഞ്ഞത്. രഞ്ജിത്തും ബേസിലും കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമാക്കിയതായും തെളിഞ്ഞു. ക്രൂരമായ മർദനങ്ങൾക്കു ശേഷമാണു കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ ജനരോഷം ശക്തമായിരുന്നു.