ഹരിയാനയിൽ പതിനഞ്ചുകാരി കൊല്ലപ്പെട്ടത് ‘നിർഭയ’യെപ്പോലെ ക്രൂരപീഡനം നേരിട്ട്

Representative Image

ചണ്ഡീഗഡ്∙ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നേരിട്ടത് നിർഭയയ്ക്കുണ്ടായ പോലെ വലിയ പീഡനമെന്ന് മെഡിക്കൽ പരിശോധനാഫലം. ശനിയാഴ്ച വൈകിട്ടാണ് കൂട്ടമാനഭംഗത്തിനിരയായ നിലയിൽ പെൺകുട്ടിയെ പുഴക്കരയിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി.

പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. കുട്ടിയുടെ ശ്വാസകോശം തകർന്ന സ്ഥിതിയിലാണ്. പ്രതികളിലൊരാൾ പെൺകുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതിന്റെ സൂചനയാണെന്ന് ഫൊറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. കൂട്ടമാനഭംഗത്തിന്റെയും വളരെ മോശം പ്രവർത്തിയുടെയും അടയാളങ്ങളാണവയെന്നും റിപ്പോർട്ട് പറയുന്നു.

പ്രതികൾ കൂർത്ത വസ്തുക്കൾ കുട്ടിയുടെ ശരീരത്തിൽ കയറ്റിയിരിക്കാം. വളരെ ക്രൂരമായ പീഡനത്തിനാണു പെൺകുട്ടി ഇരയായത്. ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള റിപ്പോർട്ടും ചിത്രങ്ങളും നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫൊറൻസിക് വിദഗ്ധൻ പറഞ്ഞു. അതിനിടെ, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായില്ല. കൂടാതെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും നിർഭയ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.