ഒഎൻജിസി കോപ്റ്റർ അപകടം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു, മലയാളിക്കായി തിരച്ചിൽ

കടലിൽ ഹെലികോപ്റ്റർ തകർന്നുവീണ സ്ഥലത്ത് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നവർ (ഫയൽ ചിത്രം)

മുംബൈ ∙ ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പറക്കവെ കടലിൽ തകർന്നുവീണ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പൈലറ്റ് വി.സി.കടോചിന്റെ മൃതദേഹമാണെന്നാണു തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ തിരിച്ചറിയാത്ത വിധമായിരുന്നു. തുടർന്നു നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കടോചിന്റേതാണെന്നു വ്യക്തമായത്. 

ശനിയാഴ്ചയായിരുന്നു മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ച് ഒഎൻജിസി ഡപ്യൂട്ടി ജനറൽ മാനേജർമാർ, രണ്ടു പൈലറ്റുമാർ എന്നിവരുൾപ്പെട്ട ഹെലികോപ്റ്റർ തകർന്നുവീണത്. ജുഹു എയ്റോഡ്രോമിൽനിന്ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിലേക്കു പറന്ന പവൻഹൻസ് ഹെലികോപ്റ്റർ തകരുകയായിരുന്നു.

അറ്റകുറ്റപ്പണിക്കു ശേഷം എത്തിച്ച ഹെലികോപ്റ്ററാണു തകർന്നത്. രണ്ടു മലയാളികളുടേത് ഉൾപ്പെടെ നിലവിൽ ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തു. അവശേഷിക്കുന്ന ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബുവിനായി തിരച്ചിൽ തുടരുകയാണ്.

മരിച്ച മലയാളികളായ ജോസ് ആന്റണിയുടെ മൃതദേഹം സ്വദേശമായ കോതമംഗലത്തും തൃശൂർ പൂങ്കുന്നം സ്വദേശി പി.എൻ. ശ്രീനിവാസന്റെ മൃതദേഹം അന്ധേരി സഹാർ റോഡിലെ ശ്മശാനത്തിലും സംസ്കരിച്ചു. തമിഴ്നാട് സ്വദേശിയായ ശരവണൻ, മുംബൈ കലീന നിവാസിയായ പങ്കജ് ഗാർഗ്, പൈലറ്റുമാരിൽ ഒരാളായ രമേഷ് ഓത്കർ എന്നിവരാണു മരിച്ച മറ്റുള്ളവർ.