കുഞ്ഞുമോനെച്ചൊല്ലി എന്‍സിപിയില്‍ ഇടച്ചില്‍; അധ്യക്ഷനാകാമെന്ന് മാണി സി.കാപ്പന്‍

തിരുവനന്തപുരം ∙ ആര്‍എസ്പി ലെനിനിസ്റ്റ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ എന്‍സിപിയിലെടുത്ത് മന്ത്രിയാക്കുന്നതിനെച്ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയെ അറിയിക്കാതെ പ്രസിഡന്റ് ടി.പി. പീതാംബരന്‍ ഏകാധിപതിയെപോലെ ചര്‍ച്ച നടത്തിയെന്ന് എൻസിപി നേതാവ് മാണി സി.കാപ്പൻ ആരോപിച്ചു‍. പീതാംബരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്ന സൂചനയും മാണി സി.കാപ്പന്‍ നല്‍കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റാകാന്‍ തയാറാണെന്നും അതിന് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

കോവൂര്‍ കുഞ്ഞുമോന്‍റെ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ വരുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. അതേസമയം, കോവൂര്‍ കുഞ്ഞുമോന് മന്ത്രി സ്ഥാനം നല്‍കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വെറും ഊഹാപോഹവും അടിസ്ഥാനരഹിതവുമാണെന്ന് എ.കെ. ശശീന്ദ്രന്‍ എംഎല്‍എ വ്യക്തമാക്കി. 

പാരിതോഷികമായി മന്ത്രിപദവി നല്‍കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ട സാഹചര്യമില്ല. പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. നേതാക്കള്‍ മറ്റു പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുമില്ല. പൊതുസമൂഹം അംഗീകരിക്കുന്ന രീതിയിലാകും എന്‍സിപി മന്ത്രിയുണ്ടാവുകയെന്നും എ.കെ. ശശീന്ദ്രന്‍ എംഎല്‍എ കോഴിക്കോട് പറഞ്ഞു.