ശ്രീജിത്തിനൊപ്പം സുഹൃത്തുക്കൾ റിലേ നിരാഹാരത്തിന്; സമരത്തെ പിന്തുണച്ച് താരങ്ങൾ

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത്. ചിത്രം: ഫെയ്സ്ബുക്

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിനിധികളും. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രകടനം നടന്നിരുന്നു. രാത്രിയും നിരവധി പേരാണ് സമരപ്പന്തലിലേക്ക് എത്തിയത്. 

ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ നിരവധി പേർ അനുഭാവവുമായി സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു വരുംദിവസങ്ങളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങളും രംഗത്തെത്തി.

പിന്തുണച്ച് പൃഥ്വിരാജ്, പാർവതി, ടൊവിനോ, വിനീത്..

സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ നടന്‍ പൃഥിരാജ് രംഗത്തെത്തി. ഇന്നത്തെ കാലത്ത് ഏറ്റവും സുപ്രധാനമായ മനുഷ്യത്തെയാണ് താങ്കള്‍ ഏകനായി പ്രതിനിധീകരിക്കുന്നതെന്ന് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു.

‘നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന, ആദരിക്കാന്‍ മടിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതിനിധിയാണ് ശ്രീജിത്ത്. ഇത് ചെയ്യുന്നത് ഒരുപക്ഷെ, നിങ്ങളുടെ സഹോദരന് വേണ്ടിയായിരിക്കും. കുടുംബത്തിന് വേണ്ടിയായിരിക്കും. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ സമരത്തിലൂടെ താങ്കള്‍ പ്രതീക്ഷയുടെ മറുവാക്കായി മാറി. നിനക്ക് ചുറ്റുമുള്ളവരുടെ മനഃസാക്ഷിയെ സ്പര്‍ശിച്ചതിന് നന്ദി സഹോദരാ. നിനക്ക് നീ തേടുന്ന സത്യം കണ്ടെത്താനാവട്ടെ, അര്‍ഹമായ നീതി ലഭിക്കട്ടെ'– പൃഥ്വിരാജ് പറഞ്ഞു.

പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്തെന്ന് നടി പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തില്‍ കൂടെ നില്‍ക്കാതിരിക്കാനാവില്ല. ആരും ഒരാളും നീതി നിഷേധിക്കപ്പെട്ട് ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്’–  പാര്‍വതി പറഞ്ഞു.

മുംബൈയിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിന് സമർപ്പിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് താരം സി.കെ.വിനീത് പറഞ്ഞു. ‘ബ്ലാസ്റ്റേഴ്‌സ് പൊരുതിനേടിയ വിജയം, ജീവിതംകൊണ്ട് പൊരുതുന്ന ശ്രീജിത്തിന് സമർപ്പിക്കുന്നു. തോറ്റുകൊടുക്കാൻ ഇനി സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴുള്ള പ്രകടനം’– വിനീത് പറഞ്ഞു.

താന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തിന്‍റേതെന്ന് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ നടൻ ടൊവിനോ തോമസ് പറഞ്ഞു. ‘ഏതാനും ദിവസം മുന്‍പാണ് ഇതേക്കുറിച്ച് അറിഞ്ഞത്. അറിഞ്ഞപ്പോള്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാതെ നേരിട്ടു വരണം എന്നുതോന്നി. എനിക്കു രാഷ്ട്രീയമില്ല. എന്തുപറഞ്ഞാലും എന്തുചെയ്താലും രാഷ്ട്രീയമാക്കുന്ന കാലമാണ്. എന്‍റേതു മനുഷ്യത്വത്തിന്‍റെ രാഷ്ട്രീയമാണ്. നല്ലത് ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് എന്‍റെ രീതി. കുറ്റവാളി ആരെന്ന് കോടതി തീരുമാനിക്കട്ടെ. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കണം.’– ടൊവിനോ പറഞ്ഞു.

ഇനിയും ശ്രീജിത്തുമാർ ഉണ്ടാവാതിരിക്കട്ടെയെന്ന് സമരപ്പന്തൽ സന്ദർശിച്ച നടി പ്രിയങ്ക നായർ കുറിച്ചു. ‘ഒരു ഹാഷ്ടാഗിൽ ഒതുക്കാൻ തോന്നിയില്ല ശ്രീജിത്തിന്റെ ഈ പോരാട്ടത്തെ. ശ്രീജിത്തിന്റെ അത്രയുംപോലും പ്രതികരിക്കാൻ കഴിയാതെ പോകുന്ന എത്രയോ സാധാരണ മനുഷ്യർ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നുണ്ടാവും. അവർക്കൊക്കെ നീതി ലഭിക്കട്ടെ. ഇനിയും ശ്രീജിത്തുമാർ ഉണ്ടാവാതിരിക്കട്ടെ. സുകൃതം ചെയ്യണം ഇതുപോലെ ഒരു സഹോദരൻ ഉണ്ടാവാൻ. എല്ലാ പിന്തുണയും’– പ്രിയങ്ക പറഞ്ഞു.

അതിനിടെ, ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ആവർത്തിച്ചു. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പൊലീസ് കള്ളത്തെളിവുണ്ടാക്കി. അന്നുപറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും നാരായണക്കുറുപ്പ് വ്യക്തമാക്കി.

സമരമേറ്റെടുത്ത് സമൂഹമാധ്യമ കൂട്ടായ്മ

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ സമരം 765 ദിവസം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. ശ്രീജിത്തിന് പിന്തുണ അറിയിക്കുന്നവരുടെ എണ്ണം ഏറുകയാണ്. രാഷ്ട്രീയ സംഘടനകളുടെ ഭാഗമായവർ പോലും അവയുടെ പിൻബലമില്ലാതെയാണ് ശ്രീജിത്തിനു പിന്തുണ നൽകുന്നത്.

2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്. ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു.