Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ചവരോടൊപ്പം; ദിലീപിനെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് വേണ്ട: പൃഥ്വിരാജ്

Prithviraj-tiyan

അമ്മയിൽ നിന്നു രാജിവച്ച നാലു നടിമാരുടെ തീരുമാനത്തെയും ധൈര്യത്തെയും ബഹുമാനിക്കുന്നു. അവരുടെ നിലപാടു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഞാൻ അവർക്കൊപ്പമാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം, വേണ്ടസമയത്ത് അനുയോജ്യമായ വേദിയിൽ ഉന്നയിക്കും. ദിലീപിനെ പുറത്താക്കിയതിനു കാരണക്കാരൻ ഞാനാണെന്ന കെ.ബി. ഗണേഷ്കുമാറിന്റെ ആരോപണം ശരിയല്ല. ഗണേഷിന് എന്തും പറയാം. ദിലീപിനെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് എനിക്കു വേണ്ട. അമ്മയിലെ എല്ലാവരുടെയും സമ്മതത്തോടെ എടുത്ത തീരുമാനമാണത്. 

അമ്മ വടികൊടുത്ത് അടി വാങ്ങുന്നു: വിനയൻ

അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ വിശദീകരണം നൽകേണ്ട ബാധ്യത മോഹൻലാലിനുണ്ട്. വടി കൊടുത്ത് അടി വാങ്ങുകയാണ് അമ്മ. മോഹൻലാലിന് ഇതിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല. ഈ തീരുമാനം എടുപ്പിച്ചതു പുറത്തു നിൽക്കുന്ന നടന്റെ ചില സുഹൃത്തുക്കളാണ്. അവരുടെ പദ്ധതി നടപ്പാക്കുകയാണു യോഗത്തിൽ ചെയ്തത്. തീരുമാനം തിരുത്തി അമ്മ പ്രമേയം പാസാക്കണം. 

‘അമ്മ’യിൽ സജീവമല്ല: സുരേഷ് ഗോപി

അമ്മ സംഘടനയിൽ ഏറെക്കാലമായി താൻ സജീവമല്ല. അതെന്താണു മാധ്യമങ്ങൾ അന്വേഷിക്കാത്തത്. എന്റെ ഇപ്പോഴത്തെ ജോലി പൊതുപ്രവർത്തനമാണ്. അതു ഭംഗിയായി ചെയ്യുന്നുണ്ട്. 

പ്രതികരിക്കാനില്ല: കെപിഎസി ലളിത

പ്രതികരിക്കുന്നില്ല. സംഘടനാ നിലപാട് അറിയാതെ പ്രതികരിക്കുന്നതു ശരിയല്ല. 

സിനിമാരംഗം ശുദ്ധീകരിക്കണം: ആഷിഖ് അബു

സിനിമാരംഗം ശുദ്ധീകരിക്കാൻ നടപടി വേണം. ഫാൻസ്‌ അസോസിയേഷന്റെ പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ താരങ്ങൾക്കുവേണ്ടി അക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ്. അഭിപ്രായങ്ങളും നിലപാടുകളും പരസ്യമായി പ്രകടിപ്പിക്കുകയും ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കൂടെ നിൽക്കുകയും ചെയ്യുന്നവരുടെ സിനിമകൾ ആക്രമിക്കപ്പെടുന്നു. ഇവരുടെ പട്ടികയിലുള്ള ആളുകളുടെ സിനിമകളുമായോ ഇവരുമായോ സഹകരിക്കാൻ എല്ലാവരും പേടിക്കുന്നു. 

പുരസ്കാരച്ചടങ്ങിൽ നിന്ന് മുകേഷിനെ മാറ്റിനിർത്തണമെന്ന് അവാർഡ് ജേതാവ് 

കണ്ണൂർ∙ സ്ത്രീ വിരുദ്ധ നിലപാടു സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിന്റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്നു സംവിധായകൻ ടി. ദീപേഷ്. അങ്ങനെയൊരു ചടങ്ങിൽ പുരസ്കാരം സ്വീകരിക്കുന്നതിൽ മാനസിക പ്രയാസമുണ്ടെന്നു കാണിച്ചു ദീപേഷ് സാംസ്കാരിക മന്ത്രിക്കു കത്തയച്ചു. കഴിഞ്ഞ വർഷം തലശ്ശേരിയിൽ അവാർഡ് ദാന പരിപാടിയിൽ ‘അവൾക്കൊപ്പം’ എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിർത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തിപ്പിടിക്കണമെന്ന് കത്തിൽ അഭ്യർഥിക്കുന്നു.

2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ സ്വനം സിനിമയുടെ സംവിധായകനാണു ദീപേഷ്. സിപിഎം നേതാവും കൂത്തുപറമ്പ് മുൻ നഗരസഭാ അധ്യക്ഷയുമായ സി.വി. മാലിനിയുടെ മകനാണ്. 2016ലും മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ദീപേഷിനായിരുന്നു. 

related stories