സെൽഫിയെടുക്കാൻ വന്ന വിദ്യാർഥിയോട് ആദ്യം കുപിതനായി മുഖ്യമന്ത്രി, പിന്നെ ചിരി

സെൽഫിയെടുക്കാൻ വന്ന വിദ്യാർഥിയോട് ദേഷ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.

ആലപ്പുഴ ∙ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥിയോട് കുപിതനാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി‍. കായംകുളം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയോട് പിണറായിയുടെ പെട്ടെന്നുള്ള പ്രകോപനം. 

കോടിയേരി ഉൾപ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സെല്‍ഫിയെടുക്കാനായി വിദ്യാര്‍ഥി ഓടിയെത്തിയത്. തന്റെ കൈയില്‍ പിടിച്ച വിദ്യാർഥിയോട് ക്ഷുഭിതനായ മുഖ്യമന്ത്രി കൈ തട്ടിമാറ്റി. മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പ്രതികരണത്തില്‍ ഒപ്പമുണ്ടായിരുന്ന നേതാക്കളും വിദ്യാര്‍ഥിയും അമ്പരന്നു. പിന്നാലെ മുഖ്യമന്ത്രി തന്നെ വിദ്യാര്‍ഥിയോട് ഊഷ്മള സൗഹൃദം കാട്ടി. വിദ്യാര്‍ഥിയോട് ഫോണ്‍ ആരുടെയെങ്കിലും കൈയില്‍ കൊടുത്ത് ഫോട്ടോ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എല്ലാം കഴിഞ്ഞ് നിറഞ്ഞ ചിരിയും സമ്മാനിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. 

കായംകുളം ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയുടെ വിദ്യാർഥിയോടുള്ള പ്രതികരണത്തെ എതിര്‍ത്തും അനുകൂലിച്ചും പ്രചാരണങ്ങളും ശക്തമായിക്കഴിഞ്ഞു.