ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് ഹോങ്കോങ് വിമാനം സാക്ഷി: യുഎസ്

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. (ഫയൽ ചിത്രം)

സോൾ∙ ഉത്തര കൊറിയ കഴിഞ്ഞ നവംബറിൽ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു വിമാനത്തിലെ യാത്രക്കാർ സാക്ഷികളായിരുന്നുവെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. സാൻഫ്രാൻസിസ്കോയിൽനിന്നു ഹോങ്കോങ്ങിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ മിസൈൽ വിക്ഷേപണം കണ്ടുവെന്നും കിം ജോങ് ഉന്നിന്റെ ഉത്തരവാദിത്തമില്ലായ്മയാണിതു കാണിക്കുന്നതെന്നും ടില്ലേഴ്സൺ പറയുന്നു. വാൻകൂവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയപ്പോൾ ഹോങ്കോങ് വിമാനം ആഘാതമേഖലയിൽനിന്ന് 280 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. അതേസമയം, മറ്റു ഒൻപതു വിമാനങ്ങൾ ഇതേ മേഖലയിലുണ്ടായിരുന്നുവെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ കണക്കുകളനുസരിച്ച് 716 വിമാനസർവീസുകളാണ് അതുവഴി കടന്നുപോകേണ്ടിയിരുന്നത് – ടില്ലേഴ്സൺ പറയുന്നു.

അതേസമയം, ഏതു വിമാനയാത്രക്കാരാണ് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം ആകാശത്തുവച്ചു കണ്ടതെന്നു വിശദീകരിക്കാൻ ടില്ലേഴ്സൺ തയാറായില്ല. 53 മിനിറ്റോളം യാത്ര ചെയ്ത മിസൈൽ കടലിൽ പതിക്കുന്നതിനു മുൻപ് നാലായിരം കിലോമീറ്റർ ഉയർന്നിരുന്നുവെന്ന് ജപ്പാൻ അധികൃതർ പറഞ്ഞു. മറ്റേതു ഉത്തര കൊറിയൻ വിക്ഷേപണങ്ങളിലേതിനും വലുതും ഉയരത്തിലുമായിരുന്നു ഇതെന്ന പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അവർ.

ഏതു സമയത്തും മിസൈൽ വിക്ഷേപിക്കുന്നതിനുള്ള ഉത്തര കൊറിയൻ ശ്രമം യുഎസിലെ എല്ലാ പൗരന്മാർക്കും ഭീഷണിയാണ്. മുൻപും ഉത്തരവാദിത്തത്തോടല്ലാതെ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുക്കുമ്പോൾ മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് അവർ മുന്നറിയിപ്പു നൽകാനുള്ള സാധ്യത കുറവാണെന്നും ടില്ലേഴ്സൺ പറയുന്നു.

നവംബർ 28നാണ് ജപ്പാനെ ലക്ഷ്യമിട്ടു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചത്. 50 മിനിറ്റ് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽനിന്നാണ് മിസൈൽ തൊടുത്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയിരുന്നു.