വീണ്ടും ഞെട്ടിച്ച് കിം; ഒളിംപിക്സ് മാർച്ച് ‘ഐക്യ കൊറിയ’യുടെ കൊടിയിൽ

കിം ജോങ് ഉൻ. (ഫയൽ ചിത്രം)

സോൾ∙ ശീതകാല ഒളിംപിക്സിനെ സമാധാനത്തിന്റെ വേദിയാക്കാനൊരുങ്ങി ഉത്തര കൊറിയയും സ്വേച്ഛാധിപതി കിം ജോങ് ഉന്നും. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിംപിക്സിൽ ‘ഐക്യ കൊറിയ’യുടെ കൊടിക്കു കീഴിലാകും ഇരു കൊറിയകളും അണിനിരക്കുക.

ഉത്തര, ദക്ഷിണ കൊറിയകൾ ഒറ്റ കൊടിക്കീഴിൽ ഒളിംപിക്സിൽ മാർച്ച് ചെയ്യുന്നത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ മുന്നേറ്റമാകും. വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത ടീമിനെ ഇറക്കാനും ട്രൂസ് ഗ്രാമത്തിലെ പൻമുൻജമിൽ നടന്ന ചർച്ചകളിൽ തീരുമാനമായി. രണ്ടു വർഷമായി പരസ്പരം ബന്ധമില്ലാതിരുന്ന കൊറിയകളാണ് അസാധാരണ സഹകരണത്തിന് തയാറായത്. പ്യൂങ്ചോങ്ങിൽ ഫെബ്രുവരി 9 മുതൽ 27 വരെയാണ് ഒളിംപിക്സ്.

തീരുമാനങ്ങൾ യാഥാർഥ്യമായാൽ 230 ചിയർലീഡേഴ്സ്, 140 ഓർക്കസ്ട്ര സംഗീതജ്ഞർ, 30 തായ്ക്വൻഡ അത്‍ലീറ്റുകൾ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് ഉത്തര കൊറിയയിൽനിന്ന് പ്യൂങ്ചോങ്ങിലെത്തുക. അതേസമയം, സംയുക്ത ഹോക്കി ടീമെന്ന ആശയം ദക്ഷിണ കൊറിയയുടെ മെഡൽ നേട്ടത്തെ ബാധിക്കുമെന്ന് വിമർശനമുണ്ട്. 

ഇരു കൊറിയകളും തമ്മിലുള്ള ഹോട് ലൈൻ ബന്ധം അടുത്തിടെ പുനഃസ്ഥാപിച്ചിരുന്നു. കിമ്മുമായി ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്–ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങൾ ശീതകാല ഒളിംപിക്സ് തീരുംവരെ നിർത്തി വയ്ക്കാനും തീരുമാനിച്ചു.