അയോഗ്യരാക്കപ്പെട്ട എഎപി എംഎൽഎമാർക്ക് ഡല്‍ഹി ഹൈക്കോടതിയിലും തിരിച്ചടി

ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. കോടതിയിൽ ഹർജി സമർപ്പിച്ചതിന്റെ പേരിൽ ഇരട്ടപ്പദവി വിവാദത്തിൽ വിശദീകരണം ചോദിച്ച തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിക്കാത്തത് എന്തെന്ന് ഹൈക്കോടതി ആരായുകയും ചെയ്തു.

അയോഗ്യരാക്കപ്പെട്ട 20 എംഎൽഎമാരിൽ ആറു പേരാണ് നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരട്ടപ്പദവി വഹിച്ചെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവരെ അയോഗ്യരാക്കിയത്. ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കൈമാറി.

2015 മാര്‍ച്ച്  13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടുവരെ 21 എംഎല്‍എമാരെ മന്ത്രിമാരുടെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയമിച്ചതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. രജൗരിഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ നടപടിയില്‍ നിന്ന് ഒഴിവാക്കി. കമ്മിഷന്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചാല്‍ ഡല്‍ഹി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. എംഎല്‍എമാരുടെ വിശദീകരണം തേടാതെയാണ് കമ്മിഷന്‍ നടപടിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.