ഹാഫിസ് സയീദിന്റെ വിചാരണ നിയമത്തിന്റെ ഉയർന്ന പരിധിയില്‍ വേണം: യുഎസ്

ഹാഫിസ് സയീദ്

വാഷിങ്ടൻ∙ ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദിനെതിരായ വിചാരണ നിയമത്തിന്റെ ഏറ്റവും ഉയർന്ന പരിധിയിൽ നടപ്പാക്കണമെന്ന് യുഎസ്. സയീദിനെതിരെ നടപടിയെടുക്കാനാകില്ലെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുടെ പ്രതികരണത്തിനു മറുപടിയായാണ് യുഎസിന്റെ ആവശ്യം പുറത്തുവന്നിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹാഫിസ് സയീദിനെ ബഹുമാനപൂർവ്വം ''സാഹിബ് '' എന്നാണ് പാക്ക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാനിൽ കേസൊന്നുമില്ല. കേസുണ്ടായാൽ മാത്രമേ നടപടിയെടുക്കാനാകൂവെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ഹാഫിസ് സയീദിനെതിരായ നിയമനടപടികൾ നിർദേശപ്രകാരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ ന്യൂവര്‍ട്ട് വ്യക്തമാക്കി. നിയമത്തിന്റെ ഏറ്റവും ഉയർന്ന പരിധിയിൽ തന്നെയായിരിക്കണം സയീദിന്റെ വിചാരണ. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലടക്കമുള്ള ഹാഫിസ് സയീദിന്റെ ശിക്ഷ സംബന്ധിച്ച നിർദേശങ്ങളും ആശങ്കകളും പാക്ക് സർക്കാരിനെ കൃത്യമായി അറിയിച്ചതാണ്. യുഎസ് പൗരന്മാരുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ട 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനാണ് സയീദ്. ഭീകരവാദത്തിനെതിരെ കൂടുതൽ നടപടികൾ പാക്കിസ്ഥാൻ കൈക്കൊള്ളുമെന്നാണ് യുഎസിന്റെ പ്രതീക്ഷ. സുരക്ഷാ കാര്യങ്ങൾക്കായി പാക്കിസ്ഥാനു നൽകിയിരുന്ന സഹായങ്ങൾ ദിവസങ്ങൾക്കു മുന്‍പു നിർത്തിവെച്ചിരുന്നു. ഇതാണ് പാക്കിസ്ഥാനും യുഎസും തമ്മിലുള്ള പ്രശ്നമായി കാണുന്നതെന്നും ന്യൂവർട്ട് പറഞ്ഞു.

വീട്ടുതടങ്കലിലായിരുന്ന സയീദിനെ കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ സ്വതന്ത്രനാക്കിയിരുന്നു. പിന്നാലെ പാക്കിസ്ഥാനു നൽകിയിരുന്ന രണ്ടു ബില്യൻ ഡോളറിന്റെ സഹായം യുഎസ് നിർത്തലാക്കുകയും ചെയ്തു. യുഎസുമായുള്ള സൈനിക, ഇന്റലിജൻസ് മേഖലയിലെ സഹകരണം നിർത്തലാക്കാൻ പാക്കിസ്ഥാനും തീരുമാനിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് യുഎസിന്റെ വിശദീകരണം. അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു ഹാഫിസ് സയീദ് പ്രഖ്യാപിച്ചിരുന്നു. ജമാ അത്തുദ്ദഅവ നിരോധിക്കപ്പെട്ട സാഹചര്യത്തിൽ മില്ലി മുസ്‌ലിം ലീഗ് (എംഎംഎൽ) എന്ന പേരിലാകും മൽസരിക്കുക. തന്നെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തുന്ന കേസുകളൊന്നുപോലും പാക്ക് കോടതികളിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണു സയീദിന്റെ നിലപാട്.