Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി ദിവസങ്ങളിൽ പള്ളിയിൽ പോകരുത്: മുസ്‍ലിം വിദ്യാർഥികളോട് ചൈന

Xi Jinping ഷീ ചിൻപിങ്

ബെയ്ജിങ്∙ കുട്ടികളുടെ മതവിശ്വാസത്തിൽ കടുത്ത നിയന്ത്രണവുമായി ചൈന. ശീതകാല അവധി ദിവസങ്ങളിൽ കുട്ടികൾ മുസ്‍ലിം പള്ളികളിൽ പോകരുതെന്നാണ് ഉത്തരവ്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഗ്വാൻഷേ കൗണ്ടിയിൽ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയതെന്ന് ‘ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

‘മതപരമായ കാര്യങ്ങളിൽനിന്ന് വിദ്യാർഥികളെ സ്കൂളുകൾ പിന്തിരിപ്പിക്കണം. ശീതകാല അവധി ദിവസങ്ങളിൽ മതഗ്രന്ഥ പാരായണം ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കണം. എല്ലാവിഭാഗം സ്കൂളുകളിലും രാഷ്ട്രീയ, പ്രത്യയശാസ്ത്ര പഠനവും പൊതുപ്രവർത്തനവും ശക്തമാക്കണം’– ഉത്തരവിൽ പറയുന്നു.

ഉത്തരവ് സത്യമാണെന്ന് പാർട്ടി കമ്മിറ്റി വ്യക്തമാക്കി. ബെയ്ജിങ്ങിലെ മിൻസു സർവകലാശാല പ്രഫസർ സിയോങ് കുൻക്സിൻ ഉത്തരവിനോട് യോജിച്ചു. ‘നിർദേശങ്ങൾ ശരിയായ തരത്തിലുള്ളതാണ്. ചൈനയുടെ നയമനുസരിച്ച് മതം, വിദ്യാഭ്യാസം എന്നിവ ഒരുമിച്ചു കൊണ്ടുപോകാനാവില്ല’– കുൻക്സിൻ പറഞ്ഞു. വിദ്യാഭ്യാസത്തിനൊപ്പം മതപരമായ ആചാരങ്ങൾ പാടില്ലെന്ന് എജ്യുക്കേഷൻ ലോ ഓഫ് ചൈന നിഷ്കർഷിക്കുന്നുണ്ട്. 

നേരത്തെ, പാർട്ടി അംഗങ്ങളുടെ മതവിശ്വാസത്തിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അംഗങ്ങൾ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നറിയിപ്പ്. ഔദ്യോഗികമായി നിരീശ്വരവാദമാണു പാർട്ടിയുടെ നിലപാട്. എന്നാൽ, ഭരണഘടന മതവിശ്വാസത്തിനു സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.

related stories