കിം ജോങ് ഉൻ അയയുന്നു; ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലേക്ക്

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.

സോള്‍∙ ശീതകാല ഒളിംപിക്സിനു മുന്നോടിയായി ഉത്തര കൊറിയയുടെ പ്രത്യേക സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഒളിംപിക്സിൽ ഉത്തര കൊറിയൻ താരങ്ങൾ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണു സന്ദർശനം. രണ്ടു വർഷത്തിനുശേഷം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആണ് ‘ഒളിപിംക്സ് നയതന്ത്ര’ത്തിനു വഴിതുറന്നത്.

നേരത്തെ ഈ സന്ദർശനം റദ്ദാക്കാൻ ഉത്തര കൊറിയ ആലോചിച്ചിരുന്നു. എന്നാൽ പിന്നീടു സംഘത്തെ അയക്കാൻ തീരുമാനിക്കുകയായിരുന്നെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ഏഴംഗ സംഘം വേദികള്‍ പരിശോധിക്കുന്നതിനായി ശനിയാഴ്ച ദക്ഷിണ കൊറിയയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. വേദിയെപ്പറ്റിയും സുരക്ഷാകാര്യങ്ങളെക്കുറിച്ചും ഉത്തര കൊറിയ നൽകുന്ന നിർദേശങ്ങൾ പരിഗണിക്കും. ഒളിംപിക്സ്‍ മാർച്ചില്‍ ‘ഐക്യ കൊറിയയുടെ’ പതാകയ്ക്കു കീഴിൽ അണിനിരക്കാനും വനിതാ ഐസ് ഹോക്കി മൽസരത്തിൽ സംയുക്ത ടീമിനെ ഇറക്കാനും ഇരു കൊറിയകളും തീരുമാനിച്ചിരുന്നു.

അതേസമയം, യുഎൻ സെക്രട്ടറി ജനറലിനെതിരെ ഉത്തര കൊറിയ വിമർശനമുയർത്തി. ആയുധ പരീക്ഷണങ്ങളുടെ പേരിൽ ഏകപക്ഷീയമായി നടപടിയെടുക്കുന്ന യുഎൻ, അമേരിക്കന്‍ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഇരു കൊറിയകളും കൂടുതൽ അടുക്കുന്നത് ഇല്ലാതാക്കാന്‍ യുഎസ് ശ്രമിക്കുന്നതായും അവർ പറഞ്ഞു.