ലോക്സഭാ തിരഞ്ഞെടുപ്പ്: അഖിലേഷിന് പ്രിയം കനൂജിനോട്, മുലായം മെയിൻപുരിയിൽ

അഖിലേഷ് യാദവ്, മുലായംസിങ് യാദവ്

ലക്നൗ∙ അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കനൂജ് മണ്ഡലത്തിൽ നിന്നു മല്‍സരിക്കാൻ താൽപര്യമുണ്ടെന്നു സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നിലവിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. മുതിർന്ന നേതാവ് മുലായംസിങ് യാദവ് മെയിൻപുരിയിൽ നിന്നു തന്നെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അഖിലേഷ് പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് ജാനേശ്വർ മിശ്രയുടെ ചരമവാർഷിക പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അഖിലേഷ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

2014 ലെ പൊതുതിരഞ്ഞെടുപ്പിലും മുലായം മെയിൻപുരിയിൽ നിന്ന് മൽസരിച്ചിരുന്നു. അസംഗഡ്, മെയിൻപുരി തുടങ്ങി മൽസരിച്ച രണ്ടിടങ്ങളിലും മുലായം ജയിക്കുകയും ചെയ്തു. എന്നാൽ പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെയിൻപുരില്‍ നിന്നു രാജിവച്ച് അസംഗഡിൽ‌ മാത്രം ശ്രദ്ധിക്കാനും മുലായം തീരുമാനിച്ചു. തുടർന്നു വന്ന ഉപതിരഞ്ഞെടുപ്പിൽ മുലായത്തിന്റെ കൊച്ചുമകന്‍ തേജ്പ്രതാപ് യാദവ് മെയിൻപുരിൽ‌ നിന്നു വിജയിക്കുകയും ചെയ്തു.

അതേസമയം അഖിലേഷ് യാദവ് മൽസരിക്കാൻ താൽപര്യമറിയിച്ച കനൂജിൽ ഇത്തവണ പോരാട്ടം കനക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കനൂജിലെ രണ്ടു നിയമസഭാ സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. കനൂജ് സിറ്റിയിലെ സമാജ്‍വാദി പാർട്ടിയുടെ ജയം 2,000 വോട്ടുകളുടെ  മാത്രം ഭൂരിപക്ഷത്തിലായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലും കനൂജിൽ സമ്പൂർണ തോൽവിയായിരുന്നു സമാജ്‍വാദി പാർട്ടിക്കു ലഭിച്ചത്. 2014ൽ 20,000 വോട്ടുകൾക്കാണ് ഡിംപിൾ യാദവ് കനൂജിൽ ബിജെപി സ്ഥാനാർഥിയെ തോൽപ്പിച്ചത്. മുൻപു മൂന്നു തവണ അഖിലേഷ് ജയിച്ച മണ്ഡലമാണിത്.

ബിജെപി ഭരണത്തിൽ യുപിയിലെ ക്രമസമാധാന നില തന്നെ താളം തെറ്റിയതായും അഖിലേഷ് ആരോപിച്ചു. സമാജ്‍വാദി പാർട്ടി ജനങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിക്കുമ്പോള്‍ വിഭജിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അഖിലേഷ് വ്യക്തമാക്കി.