ചിറകിനടിയിൽ ‘ഇ–തന്ത്രം’; റഡാറിനെയും കീഴ്പ്പെടുത്തുന്ന ബോംബറുമായി ചൈന

എച്ച്6 ബോംബർ (ഫയൽ ചിത്രം)

ബെയ്ജിങ്∙ യുദ്ധമുഖത്തേക്ക് ‘ഇലക്ട്രോണിക്’ ആക്രമണ തന്ത്രങ്ങളുമായി ചൈന. തെക്കൻ ചൈനാക്കടലിലും കിഴക്കൻ ചൈനാക്കടലിലും സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇലക്ട്രോണിക് യുദ്ധവിമാനമായ എച്ച്–6ജിയ്ക്ക് ചൈന രൂപം നൽകിയത്. പരമ്പരാഗത ബോംബർ വിമാനം പുതുക്കി ഇലക്ട്രോണിക് ആവശ്യങ്ങൾക്കായി മാറ്റിയെടുക്കുകയായിരുന്നു. ബോംബ് പ്രയോഗിക്കുന്നതിനൊപ്പം വിശാലമായ പ്രദേശത്ത് മറ്റു യുദ്ധതന്ത്രങ്ങൾക്കും ഉപയോഗിക്കാനാകും എന്നതാണ് പ്രത്യേകത. 

പീപ്പിൾസ് ലിബറേഷൻ ആർമി നാവികസേനയുടെ തെക്കൻ ചൈനാക്കടലിലെ ആയുധവിന്യാസത്തിലേക്ക് എച്ച്–6ജിയെയും ചേർത്തുകഴിഞ്ഞു. പത്തു വർഷമായിരിക്കും വിമാനത്തിന്റെ കാലാവധി. ഇതാദ്യമായിട്ടാണ് ‘ഇലക്ട്രോണിക്’ യുദ്ധത്തിൽ ഒരു ബോംബർവിമാനം പങ്കാളികയാകുന്നതെന്നും ചൈന വ്യക്തമാക്കുന്നു.

വിമാനത്തിന്റെ ചിറകുകൾക്കു താഴെയുള്ള ഇലക്ട്രോണിക് കൗണ്ടർ മെഷേഴ്സ്(ഇസിഎം) പോഡുകളാണ് വിമാനങ്ങളിലെ പ്രധാന ഭാഗം. യുദ്ധസമയത്ത് ഇലക്ട്രോണിക് ജാമിങ്, സിഗ്നലുകൾ അടിച്ചമർത്തൽ, റേഡിയേഷനുകളെ തകർക്കൽ തുടങ്ങിയവയാണ് വിമാനത്തിന്റെ ജോലി. 

സിഗ്നലുകളുടെ ജാമിങ് വഴി വിവിധ നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. റഡാർ ഉപകരണങ്ങളെ ഉൾപ്പെടെ കബളിപ്പിച്ച് ശത്രുരാജ്യത്തേക്കു കടന്ന് ആക്രമിക്കാൻ അതോടെ ഈ വിമാനങ്ങൾക്കു സാധിക്കും. ഇസിഎം പോഡുകൾ ഉപയോഗിച്ച് പരമ്പരാഗത വിമാനങ്ങളെ ഇ–ഫൈറ്ററുകളാക്കി മാറ്റാനാണു ചൈനയുടെ ശ്രമം. ഇതിനു ചേർന്ന ആധുനിക ഇസിഎം പോഡുകൾ ചൈന വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ജെ–15 പോലുള്ള ഫൈറ്റർ ജെറ്റുകളിലേക്ക് ഈ സാങ്കേതിക കൊണ്ടുവരാനാണു ശ്രമം. 

‘ഇലക്ട്രോണിക് യുദ്ധ’മെന്നു തന്നെയാണ് ഇത്തരം ഫൈറ്ററുകൾ വഴിയുള്ള പോരാട്ടത്തെ ചൈന വിശേഷിപ്പിക്കുന്നത്. ഈ വിമാനങ്ങളെയും വഹിച്ചുള്ള യുദ്ധക്കപ്പലുകളുടെ വ്യൂഹം തയാറാക്കാനാണു നീക്കം. ഇതുവഴി യുദ്ധത്തിലുണ്ടാകുന്ന നേട്ടങ്ങളും ചെറുതല്ല. തെക്കൻ ചൈനാക്കടലിന്റെ ഏകദേശം ഭൂരിഭാഗവും ചൈനയുടെ കീഴിലാണെന്നാണ് അവകാശവാദം. ഇന്ധനത്താലും ധാതുക്കളാലും സമ്പന്നമാണെന്നതാണ് മേഖലയിൽ ചൈന കണ്ണുവയ്ക്കുന്നതിന്റെ പ്രധാന കാരണം. 

എന്നാൽ ഇവിടെ വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കിഴക്കൻ ചൈനാക്കടലിൽ ജപ്പാന്റെ അധീനതയിലാണെന്നു കരുതുന്ന സെൻകാക്കു ദ്വീപസമൂഹങ്ങളിലും ചൈന ഇപ്പോൾ അവകാശം ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഏതുനിമിഷവും സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെടാമെന്നിരിക്കെയാണ് സമുദ്രാധിപത്യം ലക്ഷ്യമിട്ട് ചൈനയുടെ ഇ–വിമാനങ്ങൾ ഒരുക്കുന്നത്.