തമിഴ്നാടിനെ സമനിലയിൽ കുരുക്കി; സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം

സന്തോഷ് ട്രോഫിയിൽ ആന്ധ്ര– കേരളം മത്സരത്തിൽനിന്ന് (ഫയൽചിത്രം)

ബെംഗളുരു∙ എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ച് കേരളം. ദക്ഷിണമേഖല യോഗ്യതാ മത്സരത്തിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ തമിഴ്നാടിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയാണു കേരളം മുന്നേറിയത്.

കേരളത്തിനും തമിഴ്നാടിനും ഒരേ പോയിന്റാണെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിലാണു കേരളം ഒന്നാമതെത്തിയത്. ആദ്യ മല്‍സരത്തിൽ ആന്ധ്രാപ്രദേശിനെതിരെ നേടിയ 7-0 ന്റെ കൂറ്റൻ ജയമാണു കേരളത്തിനു തുണയായത്. തിങ്കളാഴ്ചത്തെ സമനിലയോടെ തമിഴ്നാട് ഫൈനൽ റൗണ്ടിലെത്താതെ പുറത്തായി.

ആദ്യ മത്സരത്തിന്റെ തുടർച്ചയായി മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് കേരളത്തിനു തിരിച്ചടിയായത്. ദക്ഷിണ മേഖലയിൽനിന്നു കർണാടകമാണു കേരളത്തിനൊപ്പം യോഗ്യത നേടിയത്.