സയീദിനെതിരെ തെളിവുശേഖരിക്കാൻ യുഎൻ സമിതിയെ അനുവദിക്കില്ല: റിപ്പോർട്ട്

ഹാഫിസ് സയീദ്

ഇസ്‌ലാമാബാദ്∙ മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിനെ കാണാൻ യുഎൻ ഉപരോധ സമിതിയെ പാക്കിസ്ഥാൻ അനുവദിക്കില്ലെന്നു റിപ്പോർട്ട്. രാജ്യാന്തര സംഘടനകളുടെ സമ്മർദത്തിന്റെ ഫലമായിട്ടാണു പാക്കിസ്ഥാനെതിരെ നടപടിയെടുക്കാൻ യുഎൻ തീരുമാനിച്ചത്. അതിനായി ഈയാഴ്ചയിൽ സന്ദർശനം നടത്താനിരിക്കുകയാണു സമിതി. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പാക്കിസ്ഥാൻ എതിർപ്പു പ്രകടിപ്പിക്കുന്നതായി ‘ദ് നേഷൻ’ ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎൻ സമിതിയുടെ സന്ദർശനം പാക്കിസ്ഥാനെ സമ്മർദത്തിലാക്കുന്നതിനല്ലെന്ന് പാക്ക് വിദേശകാര്യ ഉദ്യോഗസ്ഥർ പറഞ്ഞതായി ‘ദ് നേഷന്റെ’ റിപ്പോർട്ടിൽ പറയുന്നു. ഈമാസം 25 നും 26 നുമാണ് യുഎൻ സമിതി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഭീകരബന്ധമുള്ള ഹാഫിസ് സയീദിനുമേൽ ഉപരോധമേർപ്പെടുത്തണമെന്ന് യുഎസും ഇന്ത്യയുമാണ് കൂടുതൽ സമ്മർദം ചെലുത്തുന്നത്. അതേസമയം, യുഎൻ സമിതിയുടെ സന്ദർശനം സാധാരണമാണെന്ന് പാക്കിസ്ഥാൻ പറയുന്നു. 2008 ഡിസംബറിലാണ് യുഎൻ സയീദിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്.

സയീദിനെതിരായ വിചാരണ നിയമത്തിന്റെ ഏറ്റവും ഉയർന്ന പരിധിയിൽ നടപ്പാക്കണമെന്ന് യുഎസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സയീദിനെതിരെ നടപടിയെടുക്കാനാകില്ലെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുടെ പ്രതികരണത്തിനു മറുപടിയായാണ് ഈ ആവശ്യം ഉന്നയിച്ചത്. നിയമത്തിന്റെ ഏറ്റവും ഉയർന്ന പരിധിയിൽ തന്നെയായിരിക്കണം സയീദിന്റെ വിചാരണ. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലടക്കമുള്ള ഹാഫിസ് സയീദിന്റെ ശിക്ഷ സംബന്ധിച്ച നിർദേശങ്ങളും ആശങ്കകളും പാക്ക് സർക്കാരിനെ കൃത്യമായി അറിയിച്ചതാണെന്നും യുഎസ് അന്ന് വ്യക്തമാക്കി.