ധനവിനിയോഗ ബിൽ പാസായി; യുഎസിലെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം

സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്‌കോണല്‍ സെനറ്റിലെ വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തുന്നു.

വാഷിങ്ടൻ∙ യുഎസിൽ മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി. ധനവിനിയോഗ ബിൽ സെനറ്റിൽ പാസായതോടെയാണിത്. മൂന്നാഴ്ച കൂടി സർക്കാരിന്റെ ചെലവിനുള്ള ധനം അനുവദിക്കാനാണു സെനറ്റിൽ തീരുമാനമായത്. കുടിയേറ്റ വിഷയത്തിൽ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറും സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്‌കോണലും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബിൽ പാസാക്കാൻ ഡമോക്രാറ്റുകൾ തയാറായത്.

പതിനെട്ടിനെതിരെ 81 വോട്ടുകൾക്കാണ് ബിൽ സെനറ്റ് പാസാക്കിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. 60 വോട്ടുകളാണു ബിൽ പാസാകാൻ ആവശ്യമായിരുന്നത്. സെനറ്റ് അംഗീകരിച്ചതിനു പിന്നാലെ യുഎസ് ജനപ്രതിനിധി സഭ 150 നെതിരെ 266 വോട്ടിന് ഇത് അംഗീകരിച്ചതോടെ ബിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയച്ചു. ഇതിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതോടെ ഫെബ്രുവരി എട്ടു വരെ യുഎസ് സർക്കാരിന്റെ ചെലവുകൾക്കുള്ള തടസം നീങ്ങി.

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള നൂറംഗ സെനറ്റിൽ ശനിയാഴ്ച ധനവിനിയോഗ ബിൽ പാസാക്കാൻ കഴിയാതിരുന്നതോടെയാണ് യുഎസ് സാമ്പത്തികസ്തംഭനത്തിലേക്കു നീങ്ങിയത്. ഇതോടെ എട്ടു ലക്ഷത്തിലേറെ സർക്കാർ ജീവനക്കാർക്കു ശമ്പളം മുടങ്ങി. അവശ്യസർവീസുകൾ മാത്രമാണു കഴിഞ്ഞദിവസം പ്രവർത്തിച്ചത്.

കുട്ടികളായിരിക്കുമ്പോൾ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേർക്കു നൽകിയ താൽക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിൻവലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷയത്തിൽ ഫെബ്രുവരി എട്ടു മുതൽ ചർച്ചയാകാമെന്നു ധാരണയായിട്ടുണ്ട്.