ഒളിംപിക്സിനൊപ്പം കൂറ്റൻ സൈനിക പരേഡ്; ഞെട്ടിക്കാനൊരുങ്ങി കിം ജോങ് ഉൻ

കിം ജോങ് ഉൻ. (ഫയൽചിത്രം)

സോള്‍∙ സമാധാനത്തിന്റെ ‘ഒളിംപിക്സ് നയതന്ത്ര’ത്തിനു പിന്നാലെ സൈനികശേഷി പ്രകടിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ. ശീതകാല ഒളിംപിക്സ് ഉദ്ഘാടന ദിവസം കൂറ്റൻ സൈനിക പരേഡ് നടത്താനാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ തീരുമാനമെന്നു അവിടെയുള്ള ‘എൻകെ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി ഒൻപതിനാണു പ്യോങ്ചാങ്ങിൽ ശീതകാല ഒളിംപിക്സിനു ദക്ഷിണ കൊറിയയിൽ തുടക്കമാവുക. ഇതിനു മണിക്കൂറുകൾക്കു മുന്നേ, ഉദ്ഘാടന വേദിയുടെ 300 കിലോമീറ്റർ അകലെ ഉത്തര കൊറിയ ‘സേനാ ദിവസം’ ആഘോഷിക്കും. കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികമാണ് ആഘോഷിക്കുന്നത്. ഇതിനുമുൻപു ഫെബ്രുവരി എട്ടിനു സേനാവാർഷികം ആഘോഷിച്ചത് 1977ലാണ്. പിന്നീട് ഏപ്രിൽ 25 ആയിരുന്നു വാർഷികത്തീയതി. അതാണിപ്പോൾ മാറ്റുന്നത്.

13,000 പട്ടാളക്കാരെയും 200തരം ആയുധങ്ങളും പ്യോങ്യാങ്ങിലെ വിമാനത്താവളത്തിനു സമീപം വിന്യസിച്ചതായി സൂചന ലഭിച്ചെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ഒളിംപിക്സിനു മുന്നോടിയായി കഴിഞ്ഞദിവസം ദക്ഷിണ കൊറിയയിൽ എത്തിയ ഉത്തര കൊറിയയുടെ പ്രത്യേക സംഘത്തിനു കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. കിം ജോങ് ഉന്നിന്റെ വലിയ ചിത്രങ്ങൾ കത്തിച്ചായിരുന്നു പ്രതിഷേധം.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു സമാധാനത്തിനൊപ്പം സൈനികശേഷി കൂടി പ്രദർശിപ്പിക്കാൻ കിം തീരുമാനിച്ചത് എന്നറിയുന്നു. ഒളിംപിക്സ്‍ മാർച്ചില്‍ ‘ഐക്യ കൊറിയയുടെ’ പതാകയ്ക്കു കീഴിൽ അണിനിരക്കാനും വനിതാ ഐസ് ഹോക്കി മൽസരത്തിൽ സംയുക്ത ടീമിനെ ഇറക്കാനും ഇരു കൊറിയകളും തീരുമാനിച്ചിട്ടുണ്ട്.