Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിലെ ചോർച്ച അടച്ചു

Malappuram Tanker വളാഞ്ചേരിയിൽ പാചക വാതക ടാങ്കറിലുണ്ടായ ചോർച്ച.

വളാഞ്ചേരി (മലപ്പുറം) ∙ ദേശീയപാതയിൽ വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിലെ വാതകചോർച്ച അടച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് ചോർച്ച അടച്ചത്. ഇന്നു രാവിലെ പത്തു മണിയോടെ ലോറി റോഡിൽ നിന്ന് നീക്കുമെന്ന് ഹൈവേ പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 7.15നാണ് മംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറി വട്ടപ്പാറയിലെ പ്രധാന വളവിൽ മറഞ്ഞത്. ലോറിയിൽ നിന്നു നേരിയ തോതിൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ടാങ്കർ ഡ്രൈവർ തമിഴ്നാട് രാമനാഥപുരം പരമകുടി ശരവണ പാണ്ഡ്യന് (36) പരുക്കേറ്റു. പൊലീസും ഹൈവേ പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

മുൻകരുതൽ എന്ന നിലയിൽ മേഖലയിലെ വൈദ്യുതി വിച്ഛേദിക്കുകയും അപകട സ്ഥലത്തിന്റെ അര കിലോമീറ്റർ ദൂരെ വാഹനങ്ങൾ പൊലീസ് തടഞ്ഞു വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. വളാഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കാവുംപുറം പറമ്പോളം വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുത്തനത്താണി തിരുനാവായ വഴിയുമാണ് തിരിച്ചുവിട്ടത്. 17 ടൺ പാചകവാതകമാണ് ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്.