Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിരാനിൽ ഫിനോൾ ടാങ്കർ മറിഞ്ഞു; 5000 ലീറ്ററോളം ചോർന്നു

കുതിരാൻ (തൃശൂർ) ∙ രാസവസ്തുവായ ഫിനോൾ നിറച്ച ടാങ്കർ ദേശീയപാതയിൽ ഭൂഗർഭപാതയുടെ തൃശൂർ ഭാഗത്തെ കവാടത്തിനരികിൽ മറിഞ്ഞു. ചോർച്ച തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വെളുപ്പിനു 1.30നായിരുന്നു അപകടം. എതിരെ വന്ന ട്രെയ്‌ലർ നിയന്ത്രണം വിട്ട് ഇടിച്ചതിനെത്തുടർന്നാണു ടാങ്കർ പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞത്. കുടിവെള്ളത്തിലും വായുവിലും കലർന്നാൽ ജീവഹാനിയടക്കമുള്ള ദുരന്തങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പെട്രോളിയം ഉൽപന്നമാണു ഫിനോൾ.

25 വർഷം മുൻപ് ഇതിനടുത്തു ഫിനോൾ ടാങ്കർ മറിഞ്ഞു പീച്ചി ഡാമിൽ 25 ടൺ മത്സ്യം ചാവുകയും രണ്ടു മാസം കുടിവെള്ള പമ്പിങ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പീച്ചി ഡാമിന്റെ എതിർ ദിശയിലുള്ള നീർച്ചാലുകളിലേക്കു രാസവസ്തു ഒഴുകിയതിനാലാണ് അപകട തീവ്രത കുറഞ്ഞത്. രാവിലെ എട്ടരയോടെ ടാങ്കർ ഉയർത്തി ചോർച്ച പൂർണമായും തടഞ്ഞു. 

കൊച്ചി ഹിന്ദുസ്ഥാൻ ഓർഗാനിക് ആൻഡ് കെമിക്കൽസിൽനിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ടാങ്കറിൽ അഞ്ചു ക്യാബിനുകളിലായി 20,000 ലീറ്റർ ഫിനോളാണുണ്ടായിരുന്നത്. ഇതിൽ 5000 ലീറ്റർ ചോർന്നുവെന്നു കരുതുന്നു. രൂക്ഷഗന്ധം അനുഭവപ്പെട്ട അയൽവാസിയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.

അപകടം നടന്ന് ഒരു മണിക്കൂറിനകം എത്തിയ അഗ്നിരക്ഷാസേന വലിയ കുഴിയെടുത്തു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ഫിനോൾ അതിലേക്കു തിരിച്ചുവിടുകയും നീർച്ചാലിലേക്കുള്ള ഒഴുക്കു തടയുകയും ചെയ്തു. വെളുപ്പിനു കനത്ത മഴ പെയ്തതോടെ ഇതു തൊട്ടടുത്ത വെള്ളച്ചാലിൽനിന്ന് ഒലിച്ചിറങ്ങി. അഞ്ചു കിലോമീറ്റർ അകലെയുള്ള തോട്ടിൽ രാസവസ്തുവിന്റെ ഗന്ധമുണ്ട്. 

ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തു.  മൂന്നു വാർഡുകളിൽ കിണർ വെള്ളം കുടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടവും വെള്ളം ഉപയോഗിക്കരുതെന്ന വിവരം വെളുപ്പിനു തന്നെ പരിസരവാസികളെ മൈക്കിലൂടെ അറിയിച്ചിരുന്നു.