Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാര്‍ട്ടിയും സമ്മതിച്ചു; എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിപദത്തിലേക്ക്

AK Saseendran എൻസിപി നേതാവ് എ.കെ.ശശീന്ദ്രൻ.

ന്യൂഡൽഹി∙ ഫോൺകെണിക്കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്നു പ്രഖ്യാപിച്ച് എന്‍സിപി. പാർട്ടിയുടെ ദേശീയ നേതാവ് പ്രഫുല്‍ പട്ടേലാണു ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കും. എ.കെ.ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് എല്ലാ തടസ്സങ്ങളും ഇതോടെ നീങ്ങി. ഔപചാരികതകളേ ഇനി ബാക്കിയുള്ളൂ.

കേരള നേതാക്കളുമായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി. കേസില്‍ അവസാന നിമിഷം ഹര്‍ജിയെത്തിയതില്‍ അസ്വാഭാവികതയുണ്ടെങ്കിലും യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കില്ലെന്നു ശശീന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കുവൈത്തിലായതിനാല്‍ മുന്‍മന്ത്രി തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുത്തില്ല. ആര്‍.ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയിലേക്കു കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയായതായി സൂചനയില്ല. 

അതേസമയം, എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം നല്‍കാനുള്ള എന്‍സിപി തീരുമാനം ധാര്‍മികമായി ശരിയാണോയെന്നു ജനം വിലയിരുത്തട്ടേയെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടു കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുൻപുതന്നെ ശശീന്ദ്രൻ മന്ത്രിസഭയിൽ‍ മടങ്ങിയെത്തുമെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ പറയുന്നത്.

കേരള എൻസിപിയിലെ സംഘടനാപ്രശ്നങ്ങൾ തീർക്കാനായി നേരത്തേ തീരുമാനിച്ചതാണു ഡൽഹി ചർച്ച. ഫോൺകെണിക്കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ അദ്ദേഹത്തിനു തിരിച്ചുവരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കോടതിയിലെ കേസിൽ കൂടി തീരുമാനമായശേഷം മന്ത്രിസഭാ പ്രവേശനം മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്നീടു നിശ്ചയിക്കുകയായിരുന്നു.