അണ്ടർ 19 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ

ഓസ്ട്രേലിയയ്ക്കായി അർ‌ധസെഞ്ചുറി നേടിയ ജാക് എ‍ഡ്‍വാർഡ്സ്

ക്രൈസ്റ്റ്ചർച്ച്∙ അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ. സെമി പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റുകൾക്കു തോൽപ്പിച്ചാണ് ഓസീസിന്റെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 48 ഓവറിൽ 181 റൺസിനു എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 37.3 ഓവറിൽ നാലു വിക്കറ്റു നഷ്ടത്തിൽ വിജയലക്ഷ്യം കുറിച്ചു.

ഓപ്പണര്‍ ജാക് എഡ്‍വാർഡ്സ് ഓസ്ട്രേലിയയ്ക്കായി അർധ സെഞ്ചുറി നേടി. 65 പന്തുകള്‍ നേരിട്ട എഡ്‍വാർഡ്സ് 72 റൺസുമായാണു മടങ്ങിയത്. മാക്സ് ബ്രിയന്റ് (11 പന്തിൽ നാല്), ക്യാപ്റ്റൻ ജേസൺ സങ്ക (38 പന്തിൽ 26), ജൊനാഥൻ മെർലോ (25 പന്തിൽ 17), പരം ഉപ്പല്‍ (47 പന്തിൽ 32), നഥൻ മക്സ്വീനി (39 പന്തിൽ 22) എന്നിങ്ങനെയാണ് മറ്റു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ സ്കോർ‌. ഇക്രാം അലി ഖിലിന്റെ അർധസെഞ്ചുറി മികവിലാണ് ആദ്യം ബാറ്റു ചെയ്ത അഫ്ഗാന്‍ ഭേദപ്പെട്ട സ്കോർ നേടിയത്. 119 പന്തുകൾ നേരിട്ട ഇക്രാം 80 റൺസ് നേടി.

നാളെ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിൽ ജയിക്കുന്നവരായിരിക്കും ഫൈനലി‍ൽ ഓസ്ട്രേലിയയുടെ എതിരാളികള്‍. ഫെബ്രുവരി മൂന്നിനാണ് ഫൈനൽ പോരാട്ടം.