മോദി സർക്കാരിനു കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചു: അരുൺ ജയ്റ്റ്‍ലി

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്‍ലി പറഞ്ഞു.

എട്ടു ശതമാനം വളർച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. 2018–19 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.2–7.5 വളർച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഘടനാപരമായ ഒട്ടേറെ മാറ്റങ്ങളാണ് മോദി സർക്കാർ രാജ്യത്ത് കൊണ്ടുവന്നത്. മുൻപ് അഴിമതിയെന്നത് നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതിവിശേഷം മാറി. ഈ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പുതിയ പാതകളിലേക്ക് നയിക്കുമെന്നും ജയ്റ്റ്‍ലി പറഞ്ഞു.