ഇൻജുറി ടൈമിൽ വിനീതിന്റെ മിന്നും ഗോൾ; ബ്ലാസ്റ്റേഴ്സിന് ജയം, അഞ്ചാമത്

വിജയഗോൾ നേടിയ സി.കെ. വിനീതിന്റെ ആഹ്ലാദം. ചിത്രം: വിഷ്ണു വി.നായർ

പുണെ∙ ബാലെവാഡി സ്റ്റേഡിയത്തിലെ രാജാക്കൻമാരെ കണ്ണീരിലാഴ്ത്തി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മൽസരത്തിന്റെ ഇൻജുറി ടൈമിൽ മലയാളി താരം സി.കെ. വിനീത് നേടിയ മിന്നും ഗോളാണ് ബ്ലാസ്റ്റേഴ്സിന് ജയം സമ്മാനിച്ചത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

ബ്ലാസ്റ്റേഴ്സിനായി ജാക്കിചന്ദ് സിങ്ങാണ് (57) ആദ്യ ഗോൾ േനടിയത്. ഗോൾകീപ്പർ സുഭാശിഷ് റോയിയുടെ പിഴവിൽനിന്ന് ലഭിച്ച പെനൽറ്റി മുതലെടുത്ത എമിലിയാനോ അൽഫാരോ 78–ാം മിനിറ്റിൽ പുണെയെ ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയായിരുന്നു ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ വിനീത് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്. വിജയത്തോടെ 14 മൽസരങ്ങളിൽനിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. 13 മൽസരങ്ങളിൽനിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ഗോളുകൾ ഇങ്ങനെ:

ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോൾ‌: ഐസ്‍ലൻഡ് താരം ഗുഡ്‌യോൻ ബാൽഡ്‌വിൻസന്റെ പാസിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ പിറന്നത്. ബോക്സിനു തൊട്ടുപുറത്തുനിന്നും ബാൽഡ്‌വിൻസൺ പന്ത് ജാക്കചന്ദ് സിങ്ങിനു നൽകി. ക്രോസ് പിടിച്ചെടുത്ത ജാക്കി തകർ‌പ്പന്‍ ഷോട്ടിലൂടെ പന്ത് പുണെ വലയിലെത്തിച്ചു. പുണെ ആരാധകർ നിശബ്ദരായ നിമിഷം. സ്കോർ 1–0

പുണെയുടെ സമനില ഗോൾ: 78–ാം മിനിറ്റിലാണ് പുണെയുടെ സമനില ഗോളെത്തിയത്. പന്തുമായി ബോക്സിലേക്കെത്തിയ അൽഫാരോയെ തടയുന്നതിനിടെ ഗോളി സുഭാശിഷ് റോയിക്കു പിഴച്ചു. പുണെ താരത്തിന് വീഴ്ത്തിയതിന് റഫറി അവർക്ക് അനുകൂലമായി പെനല്‍റ്റി വിളിച്ചു. പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നു സുഭാശിഷ് റോയ് വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. കിക്കെടുത്ത എമിലിയാനോ അൽഫാരോ ഭംഗിയായി പന്തു ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്കു തട്ടിയിട്ടു. സ്കോർ 1–1

വിനീതിന്റെ വിജയഗോൾ: 93–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ പിറന്നു. അതുവരെ അലസനായി കളിച്ച വിനീത് ഒരു മിനിറ്റു കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി. കറേജ് പെക്കൂസൻ നൽകിയ ക്രോസിലാണ് ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടിയത്. പുണെ ബോക്സിനു പുറത്ത് പന്തു നെഞ്ചിൽ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പായിച്ചു. ഗോളിക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ. ഡേവിഡ് ജയിംസിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർ വാർത്തുകൊണ്ടാണ് വിനീത് മൈതാനം വിട്ടത്.

അവസരങ്ങൾ പാഴായ ആദ്യ പകുതി

മൽസരത്തിന്റെ ആദ്യ പകുതിയിൽ ഇയാൻ ഹ്യൂമിനും സി.കെ.വിനീതിനും അവസരങ്ങൾ പലതു ലഭിച്ചെങ്കിലും ഒന്നും ഗോളിലെത്തിക്കാനായില്ല. കളിയുടെ ആദ്യ 10 മിനിറ്റിൽ ശക്തമായ ആക്രമണവുമായി പുണെ ഗോൾമുഖം വിറപ്പിച്ചാണു ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഫിനിഷിങ്ങിലെ പോരായ്മ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനു കല്ലുകടിയായി. പുണെ ഗോളിയുടെ പിഴവിൽ ലഭിച്ച സുവർണാവസരവും ബ്ലാസ്റ്റേഴ്സ് പാഴാക്കി. പന്തു പിടിച്ചെടുത്ത ഹ്യൂം സി.കെ.വിനീതിനു മറിച്ചുകൊടുത്തെങ്കിലും ഗോൾ നേടാനായില്ല.

42–ാം മിനിറ്റിൽ ഹ്യൂമിന് വീണ്ടും അവസരം ലഭിച്ചു. ജാക്കിചന്ദ് സിങ്ങിന്റെ ക്രോസ് പുണെ ഗോളി പിടിച്ചെടുക്കുന്നതിനിടെ തട്ടിയെടുക്കാൻ ശ്രമിച്ച ഹ്യൂമിനു പിഴച്ചു. പരുക്കേറ്റു ഹ്യൂം ഗ്രൗണ്ട് വിട്ടു. ഇതോടെ 45–ാം മിനിറ്റിൽ ഹ്യൂമിനു പകരക്കാരനായി ഐസ്‍ലൻഡ് താരം ഗുഡ്‌യോൻ ബാൽഡ്‌വിൻസൻ കളത്തിലിറങ്ങി.

ഗോളാവേശത്തിന്റെ രണ്ടാം പകുതി

ഇരുടീമുകവും ആക്രമിച്ചു കളിച്ചതോടെ രണ്ടാം പകുതി കൂടുതൽ ആവേശകരമായി. 54–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നു മാഴ്സലീഞ്ഞോ തൊടുത്ത തകർപ്പൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പർ സുഭാശിഷ് റോയ് തട്ടിയകറ്റി. 58–ാം മിനിറ്റിൽ‍ ബ്ലാസ്റ്റേഴ്സ് ജാക്കിചന്ദ് സിങിലൂടെ ലീഡെടുത്തു. ബോക്സിനു വെളിയിൽനിന്നും ജാക്കിയുടെ ലോങ് റെയ്ഞ്ചർ ഷോട്ട് പുണെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി. ഇതിനിടെ, ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന് മഞ്ഞക്കാർഡും ലഭിച്ചു. നാലു മഞ്ഞ കാർഡുകള്‍ ലഭിച്ചതിനാൽ അടുത്ത മൽസരത്തിൽ ജിങ്കാനു പുറത്തിരിക്കേണ്ടിവരും.

78–ാം മിനിറ്റിലാണ് പുണെയുടെ സമനില ഗോളെത്തി. ബോക്സിനുള്ളിൽ എമിലിയാനോ അൽഫാരോയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച സുഭാശിഷ് റോയിക്കു പിഴച്ചു. അൽഫാരോയെ വീഴ്ത്തിയതിന് പുണെയ്ക്ക് പെനൽറ്റി. ആരാധകർ അതു പെനൽറ്റി തന്നെയോ എന്ന് സംശയിച്ചു നിൽക്കെ കിക്കെടുത്ത അൽഫാരോയ്ക്കു പിഴച്ചില്ല. പന്ത് വലയിൽ. സ്കോർ 1–1.

സമനില വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര വീണ്ടും പതറി. ലീഡെടുക്കാനുള്ള സമയമുണ്ടായിരുന്നെങ്കിലും അധിക സമയത്താണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളെത്തുന്നത്.