നഷ്ടം തുടർന്ന് ഓഹരിവിപണി; സെൻസെക്സ് 320 പോയിന്റ് ഇടിഞ്ഞു

x-default

മുംബൈ∙ മൂലധനനേട്ട നികുതി ഏൽപിച്ച ആഘാതം വിട്ടുമാറാതെ ഓഹരി വിപണി. ഇടിവോടെ വ്യാപാരം ആരംഭിച്ച വിപണിയിൽ ബിഎസ്‌സി സെൻസെക്സ് 327.41 പോയിന്റ് ഇടിഞ്ഞ് 34739.34 ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 102.35 പോയിന്റ് നഷ്ടത്തിൽ 10658.25 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലുണ്ടായ നഷ്ടവും ഇന്ത്യൻ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. 

നിഫ്റ്റിയില്‍ ഐടി, ബാങ്ക്, ഓട്ടോ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലാണ്. നിഫ്റ്റി പിഎസ്ഇ നേട്ടത്തിലുമാണ്. ബിഎസ്‌സിയിൽ ഓയിൽ ആൻ‌ഡ് ഗ്യാസ് സെക്ടർ നേട്ടത്തിലാണ്. ബിഎസ്‌സി ബാങ്ക് എക്‌സ്, ഓട്ടോ, ഐടി തുടങ്ങിയവ നഷ്ടത്തിലുമാണ്.

ദീർഘകാല മൂലധന വർധന ലാഭത്തിന് നികുതി ഏർപ്പെടുത്താൻ കേന്ദ്ര ബജറ്റില്‍ നിർദേശമുണ്ടായിരുന്നു. ബജറ്റവതരണ ദിവസം തന്നെ ഈ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം വിപണിയില്‍ പ്രതിഫലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച കനത്ത ഇടിവ് രേഖപ്പെടുത്തിയ വിപണിയിൽ സെൻസെക്സ് 840 പോയിന്റ് ഇടിഞ്ഞിരുന്നു.