വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ല: സുപ്രീംകോടതി

x-default

ന്യൂഡൽഹി∙ പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്നു സുപ്രീംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണു സുപ്രധാന നിരീക്ഷണം നടത്തിയത്.

‘മാതാപിതാക്കളോ സമൂഹമോ മറ്റുള്ളവരോ ആരുമായിക്കൊള്ളട്ടെ, രണ്ടു പേർ തമ്മിലുള്ള വിവാഹത്തിൽ ഇടപെടാൻ അവർക്ക് അവകാശമില്ല. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും കല്യാണ തീരുമാനത്തിനു പുറത്താണ്’– ദീപക് മിശ്ര പറഞ്ഞു. കുടുംബത്തിന്റെ ഇഷ്ടത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്ന ചെറുപ്പക്കാർക്കെതിരെ സ്വയം കോടതി ചമഞ്ഞു വധശിക്ഷ (ദുരഭിമാനക്കൊല) നടപ്പാക്കുന്നതു നിർത്തലാക്കണം എന്നാവശ്യപ്പെട്ടു സന്നദ്ധ സംഘടന ശക്തി വാഹിനിയാണു ഹർ‌ജി നൽകിയത്.

ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു ഹാജരായ അഭിഭാഷകനും ദുരഭിമാനക്കൊലപാതകത്തെ എതിർത്തു. എന്നാൽ, ഖാപ് പഞ്ചായത്തുകളെക്കുറിച്ചല്ല, വിവാഹിതരാകാനുള്ള രണ്ടുപേരുടെ അവകാശത്തെക്കുറിച്ചാണു തങ്ങൾക്ക് ആശങ്കയെന്നു സുപ്രീംകോടതി വ്യക്തമാക്കി. ജാതിയും മതവും മാറി വിവാഹിതരായ ചെറുപ്പക്കാർക്കെതിരെ ഹരിയാനയിലും തമിഴ്നാട്ടിലും അടുത്തകാലത്തുണ്ടായ ദുരഭിമാനക്കൊലകൾ വലിയ ചർച്ചയായിരുന്നു.