കേപ്ടൗണിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം; ദക്ഷിണാഫ്രിക്കയെ 124 റൺസിന് തകർത്തു

കേപ്ടൗൺ ∙ തകർപ്പൻ സെഞ്ചുറിയുമായി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ജയം ഇന്ത്യയ്ക്ക്. കേപ്ടൗണിൽ 124 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറിൽ‌ 179 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി സ്പിൻ ബോളർമാരായ യുസ്‍വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവർ നാലു വിക്കറ്റു വീതം വീഴ്ത്തി. ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യ ഉയർത്തിയത് 304 റണ്‍സ് വിജലക്ഷ്യം

വിരാട് കോഹ്‍ലിയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍വച്ചത്. 34–ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്‍ലിക്കു പുറമെ അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനും ഇന്ത്യൻ നിരയിൽ മികച്ചുനിന്നു.

രോഹിത് ശർമ (6 പന്തിൽ പൂജ്യം), അജിങ്ക്യ രഹാനെ (13 പന്തിൽ 11), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 14), എം.എസ്. ധോണി (22 പന്തിൽ 10), കേദാര്‍ ജാദവ് (ആറു പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ഭുവനേശ്വർ കുമാർ 19 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, ഫെലൂക്‌വായോ, മോറിസ്, താഹിർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ ഓപ്പണർ രോഹിത് ശർമ സംപൂജ്യനായി മടങ്ങി. കഗീസോ റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസൻ ക്യാച്ചെടുത്തായിരുന്നു രോഹിതിന്റെ മടക്കം. തുടർന്ന് ശിഖര്‍ ധവാനെ കൂട്ടുപിടിച്ചു കോഹ്‍ലി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടു. 140 റൺസാണ് ഇരുവരും ചേർന്നു രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്.

ജെ.പി. ഡുമിനിയുടെ പന്തിൽ മര്‍ക്‌‍റാമിനു ക്യാച്ചു നൽകി സ്കോർ 140 ൽ നിൽക്കെ ധവാൻ പുറത്തായി. അജിൻക്യ രഹാനെയുടെയും വിക്കറ്റ് ഡുമിനി സ്വന്തമാക്കി. ക്രിസ് മോറിസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസനു ക്യാച്ചു നൽകി ഹാർദിക് പാണ്ഡ്യ പുറത്തായി. എം.എസ്. ധോണിയെ ഇമ്രാൻ താഹിറും കേദാർ ജാദവിനെ ഫെലൂക്‌വായോയും മടക്കി.

വെള്ളംകുടിപ്പിച്ച് കോഹ്‍‌ലി

159 പന്തുകൾ നേരിട്ട കോഹ്‍ലി 12 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 160 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി നിലയുറപ്പിച്ച കോഹ‍്‍ലി, ഇന്നിങ്സിലെ അവസാന രണ്ടു പന്തുകൾ സിക്സും ബൗണ്ടറിയും പറത്തിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.

റണ്ണെടുക്കും മുൻപേ റബാഡയുടെ പന്തിൽ അംപയർ ഔട്ട് വിളിച്ചെങ്കിലും റിവ്യൂ സംവിധാനം ഉപയോഗിച്ചാണ് കോഹ്‍ലി ക്രീസിൽ തുടർന്നത്. പിന്നീട് യാതൊരു അവസരവും നൽകാതെ മുന്നേറിയ കോഹ്‍ലി 34–ാം സെഞ്ചുറിയും കരിയറിലെ മൂന്നാം 150+ സ്കോറും കുറിച്ചാണ് തിരിച്ചുകയറിയത്.

രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം കോഹ്‍ലി കൂട്ടിച്ചേർത്ത 140 റൺസാണ് ഇന്ത്യൻ ഇന്നിങ്സ് അടിത്തറയിട്ടത്. 63 പന്തിൽ 12 ബൗണ്ടറികളോടെ 76 റൺസെടുത്ത ധവാൻ പുറത്തായശേഷം ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും നങ്കൂരമിട്ട കോഹ്‍ലി ഇന്ത്യൻ സ്കോർ 300 കടത്തി. പിരിയാത്ത ആറാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം 67 റൺസ് കൂട്ടിച്ചേർത്താണ് കോഹ്‍ലി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 304 റൺസ് വിജയലക്ഷ്യമുയർത്തിയത്.

തപ്പിത്തടഞ്ഞ് ദക്ഷിണാഫ്രിക്ക

തുടക്കത്തിൽ തന്നെ വിക്കറ്റു നഷ്ടപ്പെടുത്തിക്കൊണ്ടാണ് ദക്ഷിണാഫ്രിക്കയും മറുപടി ബാറ്റിങ് ആരംഭിച്ചത്. ഒരു ഒരു റൺസ് മാത്രമെടുത്ത ഹാഷിം ആംല ബുംമ്രയുടെ പന്തിൽ എബിഡബ്ലിയു ആയി പുറത്ത്. ഇന്ത്യൻ ഇന്നിങ്സിന് സമാനമായി ക്യാപ്റ്റനും ഓപ്പണറും ചേർന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യൻ തന്ത്രം ആതിഥേയർ പ്രയോഗിച്ചത് ഫലം കണ്ടില്ല. സ്കോർ 79ൽ നിൽക്കെ അവരുടെ രണ്ടാം വിക്കറ്റും വീണു. 32 റൺസ് നേടിയ ക്യാപ്റ്റൻ മർ‌ക്‌‍റാമിനെ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജെ.പി.ഡുമിനി അർധസെഞ്ചുറി നേടി. 51 രൺസെടുത്ത ഡുമിനിയെയും ഹെൻറിക് ക്ലാസനെയും ചഹൽ വിക്കറ്റിനു മുന്നിൽ കുടുക്കി. ബുംമ്രയ്ക്കു വിക്കറ്റു സമ്മാനിച്ച് ‍ഡേവിഡ് മില്ലർ പുറത്തായി. ചഹലിനു മൂന്നാം വിക്കറ്റു സമ്മാനിച്ചു കായാ സോണ്ടയും കുല്‍ദീപ് യാദവിന് വിക്കറ്റ് നൽകി ക്രിസ് മോറിസും പെക്‌‍ലുവായോവും മടങ്ങി. ഇമ്രാൻ താഹിറിനെയും എൻഗിഡിയെയും ഇന്ത്യൻ സ്പിൻ ബ്രോസ് വീതിച്ചെടുത്തതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് 124 റൺസ് ജയം.