‘ഒളിംപിക്സ് നയതന്ത്രം’ വിജയിക്കുന്നു; ഉത്തര കൊറിയൻ സംഘം പ്യോങ്‌ചാങ്ങിൽ

ശീതകാല ഒളിംപിക്സിനായി പ്യോങ്ചാങ്ങിലെത്തിയ ഉത്തര കൊറിയൻ ചിയർ സ്ക്വാഡ്

സോൾ∙ ഇരു കൊറിയകളും തമ്മിലുള്ള സമാധാനശ്രമങ്ങളുടെ ഭാഗമായി ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലെത്തി. ശീതകാല ഒളിംപിക്സിൽ പങ്കെടുക്കുന്നതിനാണു സംഘം ഇവിടെയെത്തിയത്. 29 പേരുടെ ചിയര്‍ സ്ക്വാഡിനു പുറമെ 26 തയ്ക്വോണ്ടോ മല്‍സരാര്‍ഥികളും 21 മാധ്യമപ്രവര്‍ത്തകരും കായികമന്ത്രിയടക്കം നാല് ഒളിംപിക് കമ്മിറ്റി അംഗങ്ങളും സംഘത്തിലുണ്ട്.

ജനുവരിയില്‍ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ നടത്തിയ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടാണി ശീതകാല ഒളിംപിക്സിന് കായികതാരങ്ങളെ പങ്കെടുപ്പിക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചത്. ഇതേ തുടർന്നാണു വെള്ളിയാഴ്ച തുടങ്ങുന്ന ശീതകാല ഒളിംപിക്സിനായി 280 പേരുടെ സംഘം ദക്ഷിണകൊറിയയില്‍ എത്തിയത്. ഇവര്‍ അതിര്‍ത്തിയിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഒളിംപിക്സ് വേദിയായ പ്യോങ്‌ചാങ്ങിലെത്തിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് പിണക്കം മാറിയെത്തിയ സഹോദരങ്ങള്‍ക്കായി ദക്ഷിണകൊറിയ ഒരുക്കിയിട്ടുള്ളത്.