കിമ്മിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്, മിസൈൽ എന്നുച്ചരിക്കരുത്; ഒളിംപിക്സ് നിർദേശങ്ങൾ

ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉൻ

സോൾ∙ ശൈത്യകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തര കൊറിയ സംഘാംഗങ്ങൾ ദക്ഷിണ കൊറിയയിൽ എത്തിയതോടെ അവരെ സ്വീകരിക്കേണ്ടതെങ്ങനെയെന്ന നിർദേശവുമായി അധികൃതർ. ഒളിംപിക്സ് സംഘാടകർക്കും ഉത്തര കൊറിയൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർക്കുമാണ് പ്രത്യേക നിർദേശങ്ങൾ സർക്കാർ നൽകിയത്. യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് പോലും ‘മിസൈൽ മാൻ’ എന്നുവിളിച്ച കിം ജോങ് ഉന്നിന്റെ ദേഷ്യം വെറുതെ ക്ഷണിച്ചുവരുത്തേണ്ടെന്ന തീരുമാനത്തിലാണ് ഇതെന്നാണ് റിപ്പോർട്ട്.

സിഗാങ് സർവകലാശാലയിലെ കിം യോങ്–സൂ എന്ന പ്രഫസറാണ് ഉത്തര കൊറിയക്കാരോടു എങ്ങനെയാവണം പെരുമാറേണ്ടത് എന്നു വിശദമായിത്തന്നെ ഇവർക്കു ക്ലാസ് എടുത്തത്. ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ച് ഒരരക്ഷരം പോലും മിണ്ടരുതെന്നതാണ് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ നിർദേശം. ഉത്തര കൊറിയയുടെ ആണവ – ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചുള്ള പരാമർശങ്ങളും വിലക്കിയതിൽ ഉൾപ്പെടുന്നു.

മറ്റു നിർദേശങ്ങൾ ഇങ്ങനെ

∙ ഉത്തരകൊറിയൻ പ്രതിനിധികളുടെ വസ്ത്രങ്ങളിൽ പതിപ്പിച്ച മുൻ നേതാക്കളുടെ ചിത്രങ്ങൾ നോക്കി അനാവശ്യപരാമർശങ്ങൾ നടത്തരുത്. അവയെ ചിത്രമെന്നല്ലാതെ ബാഡ്ജെന്ന് വിളിക്കരുത്.

∙ ഉത്തര കൊറിയക്കാർ ഷാംപൂ, കണ്ടീഷനർ തുടങ്ങി ദക്ഷിണ കൊറിയയിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളൊന്നും ഉപയോഗിക്കാറില്ല. അതിനാൽ അവരോടു സംസാരിക്കുമ്പോൾ ആ വാക്കുകൾ ഉപയോഗിക്കരുത്.

∙ ആഹാരത്തിനും ദൈനംദിന ആവശ്യങ്ങൾക്കും പ്രത്യേക വാക്കുകളാണ് അവർക്കുള്ളത്. ദക്ഷിണ കൊറിയയിലേതിൽനിന്നും വ്യത്യസ്തമായതിനാൽ അതിലൊന്നും ആവശ്യമില്ലാതെ പരാമർശങ്ങൾ വേണ്ട.

ഒരേ പശ്ചാത്തലമാണെങ്കിലും ഇരുരാജ്യങ്ങളും കാലങ്ങളായി വിഭജിക്കപ്പെട്ടതിനാൽ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ജീവനക്കാർക്കു ക്ലാസെടുത്ത കിം യോങ്–സൂ പറഞ്ഞു. സാംസ്കാരിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുവാനിടയുള്ള സ്വാഭാവിക കലഹങ്ങൾ ഒഴിവാക്കുന്നതിനാണ് സർക്കാരിന്റെ ശ്രമമെന്നും കിം യോങ്–സൂ പറഞ്ഞു.