ശൈത്യകാല ഒളിംപിക്സിനു നോറോ വൈറസ് ഭീഷണി; 1500 പേർ ചികിൽസ തേടി

സോൾ∙ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സിനു വെല്ലുവിളിയായി നോറോ വൈറസ്. പ്യോങ്ചാങ്ങിൽ പുതിയ 11 എണ്ണമടക്കം ഇതുവരെ 139 കേസുകളാണു റിപ്പോർട്ടു ചെയ്തത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണു വൈറസ് ബാധിക്കുന്നതിന്റെ രോഗലക്ഷണം. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം അസുഖബാധിതരെന്നു സംശയിക്കുന്ന 1500ഓളം പേർ നിരീക്ഷണത്തിലാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്തു സൈന്യം സുരക്ഷാചുമതല ഏറ്റെടുത്തു. എന്നാൽ, അത്‍ലീറ്റുകൾക്കു രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ മല്‍സരങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുദ്ധജല വിതരണത്തിലും ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.