മന്ത്രി മണി സിപിഐയുടെ പിന്നാലെ നടന്ന് അസഭ്യം പറയുന്നു: കെ.കെ. ശിവരാമൻ

മന്ത്രി എം.എം. മണി, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ

നെടുങ്കണ്ടം ∙ സംസ്ഥാന മന്ത്രിസഭയിൽ ഇടുക്കി ജില്ലയുടെ പ്രതിനിധിയായ എം.എം. മണിക്കും സിപിഎമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. എം.എം. മണി സിപിഐയുടെ പുറകെ നടന്ന് അസഭ്യം പറയുകയാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വിമർശിച്ചു. സിപിഎം പറയുന്നത് അതേപടി അനുസരിക്കാൻ കേരളത്തിൽ തമ്പുരാൻ വാഴ്ചയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു. നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനവേദിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വിമർശനം.

മൂന്നാർ, കൊട്ടാക്കമ്പൂർ വിഷയങ്ങളിൽ വളഞ്ഞിട്ട് ആക്രമിച്ച സിപിഎമ്മിനും മന്ത്രി എം.എം.മണിക്കും അതേ നാണയത്തിലാണ് ശിവരാമൻ മറുപടി നൽകിയത്. സിപിഐയെ പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രി എം.എം. മണിയുടേത് മുന്നണി മര്യാദയുടെ ലംഘനമാണ്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. പുറകെ നടന്ന് പുലയാട്ട് പറഞ്ഞാൽ തിരിഞ്ഞുനിന്ന് പറയാൻ മടിക്കില്ലെന്നും ശിവരാമൻ വ്യക്തമാക്കി.

സിപിഐയെ വിമർശിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനം ഉയർന്നു. കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ സിപിഎം കൂലിക്ക് ആളെ വിളിക്കുന്നതാണ് നല്ലത്. 1964–ലെ പിളർപ്പിനു ശേഷം സിപിഎമ്മിന്റെ അതിക്രമങ്ങളെ അതിജീവിച്ചതാണ് സിപിഐ എന്നും ശിവരാമൻ ഓർമ്മപ്പെടുത്തി.