Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ മുഖ്യമന്ത്രിക്ക് അനാവശ്യ തിടുക്കം, എടുത്തുചാട്ടം: സിപിഐ

Kanam Rajendran, Pinarayi Vijayan സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സിപിഐ സംസ്ഥാന കൗൺസിൽ. വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടി. വേണ്ടത്ര കൂടിയാലോചനയില്ലാതെ എടുത്തുചാടിയതു തെറ്റിദ്ധാരണയുണ്ടാക്കി. ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.

ശബരിമല വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടിയില്ലെന്നും മുന്നൊരുക്കം മാത്രമാണു നടത്തിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തേ നിലപാട് എടുത്തിരുന്നു. മതനിരപേക്ഷ സർക്കാരാണു കേരളം ഭരിക്കുന്നത്. അതിനാലാണു പുന:പരിശോധനാ ഹർജി നൽകാത്തത്. ശബരിമലയിൽ പോകണമെന്നു സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല. എന്നാൽ ദർശനത്തിനെത്തുന്നവരെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നുമായിരുന്നു കാനത്തിന്റെ നിലപാട്.

അതേസമയം ശബരിമലയിൽ അക്രമഭീഷണി തുടരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക്  സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ മുങ്ങിയാണ് നിയമസഭ  ഇന്ന് പിരിഞ്ഞത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും സ്പീക്കര്‍ റദ്ദാക്കി സഭ ഇന്നത്തേക്കു പിരി‍യുകയായിരുന്നു.