പ്രതീക്ഷിച്ചത് 30000, വന്നത് 13000; ഒമാനിൽ ‘ആളില്ലാ കസേര’കളോടു മോദിയുടെ പ്രസംഗം

നരേന്ദ്ര മോദി മസ്കത്ത് സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ. ചിത്രം: ട്വിറ്റർ

മസ്കത്ത്∙ വിദേശ സന്ദർശനങ്ങളിൽ ജനസാന്നിധ്യത്താൽ കയ്യടി നേടുന്ന ലോകനേതാവാണു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ, ഒമാനിൽ സ്ഥിതി വ്യത്യസ്തമായിരുന്നെന്നു റിപ്പോർട്ട്. മസ്കത്തിലെ സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ മോദിയുടെ പ്രസംഗം കേൾക്കുന്നതിനു പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേർ മാത്രം.

നരേന്ദ്ര മോദി മസ്കത്ത് സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ. ചിത്രം: ട്വിറ്റർ

എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു മോദി മസ്കത്തിലെ പരിപാടിയിൽ പ്രസംഗിച്ചത്. പക്ഷേ സ്റ്റേഡിയത്തിലെ കസേരകളിൽ പലതും കാലിയായിരുന്നു. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി. മുപ്പതിനായിരം പേർക്കു പാസുകൾ വിതരണം ചെയ്തിരുന്നു. പക്ഷെ വിഐപി, വിവിഐപി കസേരകൾ ഒട്ടുമുക്കാലും കാലിയായിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള ബിജെപി അനുഭാവികളും പ്രവർത്തകരുമായിരുന്നു വന്നതിലേറെയും. അതിനിടെ, പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും ഇതിനിടെ നടന്നു.

മസ്കത്ത് സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: ട്വിറ്റർ

മസ്കത്തിലെ ഇന്ത്യന്‍ സോഷ്യൽ ക്ലബ്ബിന്‍റെ നേതൃത്വത്തിലാണു മോദിക്കു സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയാളുകൾ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാന്‍ എത്തിയില്ല. സംഭവം പ്രവാസികളുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അനുഭാവികൾ പാസ് വാങ്ങിയ ശേഷം മനഃപൂർവം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ പ്രവാസികൾക്കായി എന്തു പ്രഖ്യാപിച്ചുവെന്നു മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഞായറാഴ്ച ഒമാനിൽ പ്രവർത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാൻ കാരണമായതായി വിലയിരുത്തലുണ്ട്.

ഒമാനിലെത്തിയ നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തിനൊപ്പം. ചിത്രം: ട്വിറ്റർ
മസ്കത്ത് സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: ട്വിറ്റർ
ഒമാനിൽനിന്നുള്ള കാഴ്ച. ചിത്രം: ട്വിറ്റർ
മസ്കത്ത് സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: ട്വിറ്റർ