Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകേഷ് അംബാനി മൊത്തം സമ്പാദ്യം നൽകിയാൽ മോദി സർക്കാരിന് എത്രനാൾ ഭരിക്കാം?

Mukesh-Ambani

ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും സമ്പന്നർ സർക്കാരിനു പ്രവർത്തിക്കാനുള്ള പണം നൽകിയാൽ എത്രദിവസം അവരുടെ കാശു വച്ച് സർക്കാരിനു പ്രവർത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകും? രസകരമായ ഈ ചോദ്യത്തിന് ഉത്തരവുമായി ബിസിനസ് മാധ്യമരംഗത്തെ പ്രമുഖരായ ‘ബ്ലൂംബർഗ്’ ആണു രംഗത്തെത്തിയിരിക്കുന്നത്. ‘2018 റോബിൻഹുഡ് സൂചിക’യെന്ന പേരിലാണ് ഈ കണ്ടെത്തൽ അവർ പുറത്തുവിട്ടത്.

വിവിധ രാഷ്ട്രീയ ഭരണകൂടങ്ങൾ നിലവിലിരിക്കുന്ന 49 രാജ്യങ്ങളാണ് സൂചികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ചെലവു രീതികളും ഏറ്റവും സമ്പന്നർ ആരെന്നതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സമ്പന്നരുടെ 2017 ഡിസംബർ അവസാനത്തെ കണക്ക് അനുസരിച്ചുള്ള ആകെ സമ്പാദ്യം വച്ചാണ് അവർ രാജ്യത്തെ സർക്കാരുകൾക്കു പണം നൽകിയാൽ ആ പണം കൊണ്ട് എത്ര ദിവസം സർക്കാരുകൾക്കു പ്രവർത്തിക്കാനാകുമെന്നു കണ്ടെത്തിയത്.

സർക്കാരുകൾക്കു വളരെപ്പെട്ടെന്നു നഷ്ടം സംഭവിച്ച് അവർ ഏറ്റവും സമ്പന്നരായവരുടെ പണം സ്വീകരിച്ചാൽ സർക്കാർ സംവിധാനങ്ങൾ പൂട്ടിയിടാതെ എത്ര ദിവസം പ്രവർത്തിക്കാനാകുമെന്ന സാങ്കൽപിക ചോദ്യത്തിന്റെയും കണക്കാണിത്. ബ്ലൂംബർഗ് ബില്യണേഴ്സ് ഇൻഡെക്സും സർക്കാരുകളുടെ ചെലവുകളെക്കുറിച്ചുള്ള രാജ്യാന്തര നാണയനിധിയുടെ കണക്കുകളുമാണ് ഇത്തരമൊരു റിപ്പോർട്ടിന്റെ ആധാരം.

അംബാനി ഇന്ത്യയെ സഹായിച്ചാൽ...!

റിപ്പോർട്ടിലെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ പണം വച്ച് ഇന്ത്യൻ സർക്കാരിന് 20 ദിവസം പ്രവർത്തിക്കാനാകും. ഏറ്റവും കൂടുതൽ കാലം ഇങ്ങനെ പ്രവർത്തിക്കാവുന്നത് സൈപ്രസ് സർക്കാരിനാണ്. സൈപ്രസിലെ സമ്പന്നനായ ജോൺ ഫ്രഡ്രിക്സനു തന്റെ പണംകൊണ്ട് സർക്കാരിനെ ഒരു വർഷത്തിലധികം ഓടിച്ചുകൊണ്ടുപോകാം.

1000 കോടി യുഎസ് ഡോളറാണു ഫ്രഡ്രിക്സന്റെ സമ്പാദ്യം. ഇതുപയോഗിച്ച് 441 ദിവസം സൈപ്രസ് സർക്കാരിനു പ്രവർത്തിക്കാനാകും. സൈപ്രസിലെ ചെലവുകുറഞ്ഞ ജീവിത രീതിയും നികുതി ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയെന്ന പ്രധാന വരുമാന മാർഗവുമാണ് ഇതിനു കാരണം.

ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളാണ് ജപ്പാനും പോളണ്ടും യുഎസും ചൈനയും. ലോകത്തെ 16ാ–മത്തെ സമ്പന്നനായ ജാക്ക് മായുടെ സമ്പാദ്യം ഉപയോഗിച്ച് ചൈനീസ് സർക്കാരിന് നാലു ദിവസം മാത്രമേ പ്രവർത്തിക്കാനാകൂ. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും യുഎസ് പൗരനുമായ ജെഫ് ബെസോസിന്റെ പണം വച്ച് യുഎസ് സർക്കാരിന് അഞ്ച് ദിവസം ഭരിക്കാനാകും. 9900 കോടി യുഎസ് ഡോളറാണ് ബെസോസിന്റെ സമ്പാദ്യം.

related stories