10 വർഷം മുൻപ് രക്ഷപ്പെട്ട ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പൊലീസ് വലയിൽ

ആരിസ് ഖാൻ (ഇൻസെറ്റിൽ)

ന്യൂഡൽഹി∙ അഞ്ചോളം സ്ഫോടനക്കേസുകളിൽ പ്രതിയായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ആരിസ് ഖാനെന്ന ജുനൈദിനെ (32) പിടികൂടിയത്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ ജുനൈദ് 2008ലെ ബട്‌ല ഹൗസ് വെടിവയ്പിനു ശേഷം ഒളിവിലായിരുന്നു. അന്ന് ഡൽഹി ബട്‌ല ഹൗസിലെ സ്പെഷൽ സെല്ലിന്റെ തിരച്ചിലിനിടെ രണ്ടു ഭീകരർ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേരെ പൊലീസ് പിടികൂടുകയും ചെയ്തു.

ഭീകരരുടെ തിരിച്ചടിയിൽ ഇന്‍സ്പെക്ടർ മോഹൻ ചന്ദ് ശര്‍മ വീരമൃത്യു വരിച്ചു. അതിനിടെ പൊലീസിനെ വെട്ടിച്ച് ജുനൈദ് കടന്നുകളയുകയായിരുന്നു. എൻജിനീയറായ ജുനൈദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ‍ദേശീയ അന്വേഷണ ഏജൻസി പത്തു ലക്ഷവും ഡൽഹി പൊലീസ് അഞ്ചു ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പത്തു വർഷം പിടികിട്ടാപ്പുള്ളിയായി വിലസിയ ജുനൈദിനെ ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. 2008ൽ ഡൽഹിയിൽ 30 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകൾക്കു പിന്നാലെയായിരുന്നു ബട്‌ല ഹൗസിലെ പൊലീസ് തിരച്ചിൽ.