ഡല്‍ഹി സര്‍ക്കാരിന്റെ അനുമതിയില്ല; കനയ്യ കുമാറിനെതിരായ കുറ്റപത്രം സ്വീകരിക്കാതെ കോടതി

Kanhaiya-Kumar
SHARE

ന്യൂഡൽഹി∙ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന കേസിൽ ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് കനയ്യ കുമാറിനെതിരായ കുറ്റപത്രം സ്വീകരിക്കാൻ തയാറാകാതെ ഡൽഹി കോടതി. ഡല്‍ഹി സർക്കാരിൽനിന്ന് അനുമതി വാങ്ങാതെയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാനെത്തിയതെന്നു ഡല്‍ഹി പട്യാല ഹൗസ് കോടതി വ്യക്തമാക്കി.

നിയമ വകുപ്പിൽനിന്ന് നിങ്ങൾക്ക് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലാതെ എന്തിനാണു കുറ്റപത്രം സമർപ്പിച്ചതെന്നു കോടതി ചോദിച്ചു. കേസിലെ വാദത്തിനിടെയാണ് കോടതി പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. പത്ത് ദിവസത്തിനകം സർക്കാരിൽനിന്ന് അനുമതി വാങ്ങാമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. 2016ൽ ജെഎൻയു ക്യാംപസിൽ ദേശവിരുദ്ധ പരിപാടി നടത്തിയെന്ന കേസിലെ പ്രതിയാണ് കനയ്യ.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യ കുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. സംഭവത്തിൽ ജെഎൻയുവിൽനിന്നുള്ള ആര്‍ക്കും പങ്കില്ലെന്ന് മജിസ്റ്റീരിയല്‍ അന്വേഷണത്തിനൊടുവിൽ വ്യക്തമായതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. മൂന്ന് വർഷത്തിനു ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അവര്‍ക്കുള്ള നന്ദി അറിയിക്കുന്നു–കനയ്യ പറഞ്ഞു.

വിദ്യാർഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 1200 പേജുള്ള കുറ്റപത്രം ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലാണു സമർപ്പിച്ചത്. 2016 ഫെബ്രുവരി 9ന് ജെഎൻയുവിലെ സബർമതി ധാബയിൽ കൂടിയ വിദ്യാർഥികൾക്കിടയിൽ ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് ആരോപണം. സിപിഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത രാജ, അഖ്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റായീയ റാസോൾ, ബഷീർ ഭട്ട്, ഭഷാറത്ത്, ഷെഹല റഷീദ് എന്നിവരുടെ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA