വേണ്ടത്‌ മാണിക്യ മലരോ മനുഷ്യക്കുരുതിയോ: പിണറായിയെ വിമർശിച്ച് ജോയ് മാത്യു

പിണറായി വിജയൻ, ജോയ് മാത്യു

കൊച്ചി∙ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണ് പ്രതികരണം. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണു ജോയ് മാത്യുവിന്റെ പ്രതികരണം. ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ പിടികൂടാതിരിക്കുന്നതിലൂടെ കൊലയാളികൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ പിണറായി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദു–മുസ്‌ലിം വര്‍ഗീയവാദികൾ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം:

നമുക്ക്‌ വേണ്ടത്‌ മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?

ഒരു സിനിമയിലെ പാട്ട്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതയ്ക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ്‌ മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ്‌ എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ?