Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ നിശബ്ദത ഭയപ്പെടുത്തുന്നു; മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: ഉമ്മൻചാണ്ടി

Oommen Chandy മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ച പറ്റിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സിനിമാ പാട്ടിനെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, ഒരു ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ പുലര്‍ത്തുന്ന നിശബ്ദത ഭയപ്പെടുത്തുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണു കൊലയെന്ന് അനുമാനിക്കാവുന്ന തരത്തിലാണു കേസന്വേഷണത്തില്‍ പൊലീസിന്റെ മെല്ലെപ്പോക്കെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

അതേസമയം, ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു. പൊലീസിനു വീഴ്ചയുണ്ടായിട്ടില്ല. കേസ് തെളിയിക്കാൻ സമ്മർദമുണ്ടെങ്കിലും അന്വേഷണത്തിലാണു ശ്രദ്ധയെന്നും എസ്പി പറഞ്ഞു. 

ഷുഹൈബിനു നീതിതേടി തിങ്കളാഴ്ച നിരാഹാരസമരം  തുടങ്ങുമെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. സിപിഎം നേതാവ് എം.വി.ജയരാജന്‍ ഡിവൈഎസ്പിമാരെ നേരിട്ടുവിളിച്ചു കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. പരോളിലല്ലാതെ കൊടി സുനി രാത്രി ജയിലിനു പുറത്തുപോകുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേസിൽ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം 19 പേര്‍ക്കു പരോള്‍ അനുവദിച്ചതു ഷുഹൈബിനെ വധിക്കാനാണെന്നാണു ചെന്നിത്തലയുടെ ആരോപണം. കൊലപാതകത്തിനു പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ വാടകക്കൊലയാളികളാണ്. പരോള്‍ ഉത്തരവിന്റ പകര്‍പ്പുകളും ചെന്നിത്തല മാധ്യമങ്ങള്‍ക്കു കൈമാറി. 

related stories