മൂന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; ഇന്ത്യൻ വനിതകളുടെ കാത്തിരിപ്പ് നീളുന്നു

ജൊഹാനസ്ബർഗ് ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. തുടർച്ചയായ മൂന്നാം ജയത്തോടെ പരമ്പര നേടാമെന്ന മോഹവുമായെത്തിയ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് ആതിഥേയർ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.5 ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഓവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ട്വന്റി20 കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷബ്നിം ഇസ്മയീൽ ബോളിങ്ങിലും 34 പന്തിൽ അ‍ഞ്ചു ബൗണ്ടറികളോടെ 41 റൺസെടുത്ത സൂനെ ലൂസ് ബാറ്റിങ്ങിലും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. ആദ്യ രണ്ട് മൽസരങ്ങളിലും ജയിച്ച ഇന്ത്യ തന്നെയാണ് അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇപ്പോഴും മുന്നിൽ (2–1). ആദ്യ ട്വന്റി20യിൽ ഏഴു വിക്കറ്റിനും രണ്ടാം മൽസരത്തിൽ ഒൻപതു വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. പരമ്പരയിലെ നാലാം മൽസരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും.

134 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ ബോർഡിൽ 12 റൺസുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായതാണ്. എന്നാൽ, തുടർന്ന് മികച്ച ബാറ്റിങ് കെട്ടഴിച്ച സൂനെ ലൂസിനൊപ്പം വാൻ നീക്കെർക്ക് (20 പന്തിൽ 26), ഡു പ്രീസ് (27 പന്തിൽ 20), ട്രിയോൺ (15 പന്തിൽ 34) എന്നിവർ ചേർന്ന് ആതിഥേയർക്ക് ആദ്യ ജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി വസ്ട്രാകാർ രണ്ടു വിക്കറ്റ് വീഴ്ത്തി.

ബാറ്റിങ്ങിൽ തകർന്ന് ഇന്ത്യ, രക്ഷയായി മന്ഥനയും ഹർമൻപ്രീതും

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13 പന്തു ബാക്കിനിൽക്കെ 133 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 30 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 48 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ട്വന്റി20യിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷബ്നിം ഇസ്മയീലാണ് ഇന്ത്യയെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ ഓപ്പണർ മിതാലി രാജ് പുറത്തായി. അഞ്ചു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന മിതാലിയെ കാപ്പാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ച സ്മൃതി മന്ഥന–ഹർമൻപ്രീത് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് (55) തീർത്തെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു.

ഹർമൻപ്രീത് 30 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സു ഉൾപ്പെടെ 48 റൺസെടുത്തു. മന്ഥന 24 പന്തിൽ അ‍‍ഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം 37 റൺസെടുത്തു. ഇരുവർക്കും ശേഷം പിന്നീടു തിളങ്ങാനായത് വേദ കൃഷ്ണമൂർത്തിക്കു മാത്രം. 14 പന്തു നേരിട്ട കൃഷ്ണമൂർത്തി നാലു ബൗണ്ടറികളോടെ 23 റൺസെടുത്തു.

ജെന്നി റോഡ്രിഗസ് (10 പന്തിൽ ആറ്), അനൂജ പട്ടേൽ (ഏഴ്), പാണ്ഡെ (മൂന്ന്), ടാനിയ ഭാട്യ (ഒന്ന്), വസ്ട്രാകാർ (രണ്ട്), പൂനം യാദവ് (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി.