ബിജെപി, സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ എല്ലാ മുന്നേറ്റങ്ങൾക്കും മുന്നിൽ നിന്ന പാർട്ടി: മോദി

ബിജെപിയുടെ പുതിയ ഓഫിസ് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, എൽ.കെ. അഡ്വാനി തുടങ്ങിയവർ. (ചിത്രം: എഎൻഐ)

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലുണ്ടായ എല്ലാ ബഹുജന മുന്നേറ്റങ്ങളുടെയും മുൻനിരയിൽത്തന്നെ ജനസംഘവും ബിജെപിയുമുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രഭക്തിക്കായി സ്വയം സമർപ്പിച്ച പാർട്ടിയാണ് ബിജെപിയെന്നും മോദി പറഞ്ഞു. ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ തുടങ്ങിയ നേതാക്കളുടെ ആശീർവാദത്തോടെ തുടങ്ങിയ യാത്രയാണ് ബിജെപിയുടേത്. ഒരുപാടു പ്രവർത്തകർ ജീവൻ സമർപ്പിച്ചും വളർത്തിയെടുത്ത പാർട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയെന്നത് അത്ര ബുദ്ധിമുട്ടേറിയ സംഗതിയില്ല. സ്വന്തമായ കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും പ്രവർത്തനരീതികളുമുള്ള ഒട്ടേറെ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ട്. ഒരുപാട് പാർട്ടികളുള്ളത് സത്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിനു കൂടുതൽ സൗന്ദര്യം നൽകുന്നതായും മോദി ചൂണ്ടിക്കാട്ടി.

പുതിയ ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടെ കോടിക്കണക്കിന് ബിജെപി പ്രവർത്തകരുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ആദ്യം പ്രസംഗിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സുഷമ സ്വരാജ്, മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള പുതിയ ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.

അഞ്ചുനില മന്ദിരത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസ് മുറികൾ, കൺവൻഷൻ ഹാൾ, ലൈബ്രറി, വിഡിയോ കോൺഫറൻസിങ് സംവിധാനം, മീഡിയ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ട്. സൗരോർജ വൈദ്യുതി, ഭൂഗർഭ പാർക്കിങ് സംവിധാനങ്ങളുമുണ്ട്. മന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു നരേന്ദ്ര മോദിയാണു നിർവഹിച്ചത്.

അശോക റോഡിലെ 11–ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇതുവരെ ബിജെപിയുടെ കേന്ദ്ര ആസ്ഥാനം. ഈ മേഖലയിൽനിന്ന് പാർട്ടി ഓഫിസുകൾ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പുതിയ ഓഫിസ് നിർമിച്ചത്.