അണ്ണാ ഡിഎംകെ മോശം പാർട്ടി; നേതാക്കളെ കാണാൻ ആഗ്രഹമില്ല: കമൽ ഹാസൻ

നടൻ കമൽ ഹാസൻ

ചെന്നൈ∙ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് തെന്നിന്ത്യൻ താരം കമൽ ഹാസൻ. എഐഎഡിഎംകെ മോശം പാർട്ടിയാണ്. ഇതു കാരണമാണു താൻ രാഷ്ട്രീയത്തിലിറങ്ങിയത്. അതുകൊണ്ടാണ് ആ പാർട്ടിയിലെ ഒരു നേതാക്കളെയും ഇതുവരെ കാണാൻ തയാറാകാത്തത്– കമൽ ഹാസൻ ചെന്നൈയിൽ പറഞ്ഞു.

അതേസമയം, നാളെ നടക്കുന്ന കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ ആം ആദ്മി പാർട്ടി നേതാവും ഡൽ‌ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുക്കും. നേരത്തെ രജനീകാന്ത്, ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി, വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ എന്നിവരെയും കമൽ സന്ദർശിച്ചിരുന്നു. ചെന്നൈ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് കമൽ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തിയത്. രജനിയുമായുള്ള കൂടിക്കാഴ്ച പോയസ് ഗാർഡനിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചുമായിരുന്നു.

മധുരയിൽ വച്ചാണ് കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുക. ഉച്ചയ്ക്കു ശേഷം രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. ശേഷം പരമക്കുടിയിലും മനമാധുരൈയിലും അദ്ദേഹം ജനങ്ങളെക്കാണും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വസതിയും അദ്ദേഹം പഠിച്ച സ്കൂളിലും കമൽ ഹാസൻ സന്ദർശനം നടത്തും. കലാം സ്വപ്നം കണ്ട പോലുള്ള തമിഴ്നാട് രൂപീകരിക്കുകയാണു ലക്ഷ്യമെന്ന് കമൽ ഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു.