സൗരോര്‍ജ കടത്തുബോട്ട്: കൊച്ചി നവാള്‍ട്ടിന് ആഗോള പുരസ്കാരം

സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദിത്യ എന്ന ബോട്ട്.

തിരുവനന്തപുരം∙ ഇന്ത്യയിലാദ്യമായി സൗരോര്‍ജ കടത്തുബോട്ട് നിര്‍മിച്ചു സര്‍വീസ് നടത്തുന്ന കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ്പിനു 2017-ലെ ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡ്. 

പാരമ്പര്യേതര ഊര്‍ജ വിഭാഗത്തിലെ നൂതന സംരംഭത്തിനുള്ള ആഗോള പുരസ്കാരമാണു കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടിനു ലഭിച്ചത്. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ നടന്ന ചടങ്ങില്‍ നവാള്‍ട്ട് സ്ഥാപകന്‍ സന്ദിത് തണ്ടാശേരി പുരസ്കാരം സ്വീകരിച്ചു. ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യുണിഡോ, ഗ്ലോബല്‍ എന്‍വയണ്‍മെന്‍റ് ഫസിലിറ്റി,  ക്ലീന്‍ടെക് ഓപ്പണ്‍ എന്നിവ സംയുക്തമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ രാജ്യത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളാണു ലൊസാഞ്ചലസില്‍ മത്സരത്തിനെത്തിയിരുന്നത്. 

പുരസ്കാരം നേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കു ക്ലീന്‍ടെക് ഓപ്പണ്‍ ഇന്‍കുബേറ്ററില്‍ പരിശീലനവും മേല്‍നോട്ടവും ബിസിനസ് പ്രോത്സാഹനവും ലഭിക്കും. ഇവര്‍ക്കു നിക്ഷേപകരെയും ഉപഭോക്താക്കളയും ബിസിനസ് പങ്കാളികളെയും കണ്ടുപിടിക്കാനുള്ള സഹായവും ക്ലീന്‍ടെക് നല്‍കും. 

നവാള്‍ട്ടിനുപുറമെ ഇന്ത്യയില്‍നിന്നു രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചു. മൊറോക്കോ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണു മറ്റു പുരസ്കാരങ്ങള്‍. 

ഒരു വര്‍ഷമായി ആദിത്യ എന്ന ഫെറിബോട്ട് ഉപയോഗിച്ചു വിജയകരമായ സര്‍വീസ് വേമ്പനാട്ടുകായലില്‍ വൈക്കത്തിനും തവണക്കടവിനുമിടയ്ക്കു നടത്തുന്ന നവാള്‍ട്ട് എന്ന സ്റ്റാര്‍ട്ടപ് 2013ലാണ് ജന്മമെടുക്കുന്നത്. ഇതിനോടകം അഞ്ചു ലക്ഷം പേര്‍ യാത്ര ചെയ്തു. 35,000 ലീറ്റര്‍ ഡീസല്‍ ലാഭിച്ച നവാള്‍ട്ട് 94 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡും എട്ടു ടണ്‍ മറ്റു വാതകങ്ങളും പുറത്തുവിടാതെ അന്തരീക്ഷത്തെ രക്ഷിച്ചിട്ടുള്ളതായാണു കണക്കാക്കിയിരിക്കുന്നത്. 75 സീറ്റുള്ള ഈ ബോട്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്നത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു നീറ്റിലിറക്കിയത്. 

റിസര്‍ച്ച് എന്‍ജിനീയര്‍മാരടക്കം തങ്ങള്‍ക്കാവശ്യമുള്ള ആള്‍ശേഷി ലഭിച്ചതുകൊണ്ടാണു കേരളത്തില്‍ തങ്ങളുടെ ഉദ്യമം വിജയത്തിലെത്തിയതെന്നു സന്ദിത് തണ്ടാശേരി പറഞ്ഞു. 

പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതുപോലെ ഈ സ്റ്റാര്‍ട്ടപ് കേരളത്തിലെ ഊര്‍ജക്ഷാമത്തിനും മലിനീകരണത്തിനും പരിഹാരം കണ്ടിരിക്കുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.