ഒളിംപിക്സ് കൂട്ടിൽ മഞ്ഞുരുകി; യുഎസ് സൈനികാഭ്യാസം ഒഴിവാക്കാൻ ദക്ഷിണ കൊറിയ

സോൾ∙ യുഎസ് – ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തേണ്ടതുണ്ടോയെന്ന് ആലോചിക്കുകയാണെന്നു ദക്ഷിണ കൊറിയ. ശീതകാല ഒളിംപിക്സിൽ ഒന്നിച്ച് രംഗത്തിറങ്ങിയതിനു പിന്നാലെ ഉത്തര കൊറിയയുമായുള്ള ചര്‍ച്ചകൾ ഫലം കാണുന്നതാണ് ദക്ഷിണ കൊറിയയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. യുഎസുമായുള്ള സൈനികാഭ്യാസം മാറ്റിവയ്ക്കുന്നത് ചർച്ചയിലുണ്ടെന്ന് ദക്ഷിണ കൊറിയയുടെ ഐക്യകാര്യമന്ത്രി ചോമ്യോങ് ഗ്യോൺ പാർലമെന്റിൽ  വ്യക്തമാക്കി. ഇതിനായുള്ള ചർച്ച നടന്നുവരികയാണ്. ശീതകാല ഒളിംപിക്സിൽ ഉത്തര – ദക്ഷിണ കൊറിയകൾ ഒന്നിച്ച അണിനിരന്നതിലൂടെയുണ്ടായ ഐക്യം പരിഗണിച്ചാണു ഈ വർഷം ആദ്യം നടത്താൻ തീരുമാനിച്ച സൈനികാഭ്യാസം മാറ്റിവച്ചത്.

അതേസമയം, ദക്ഷിണ കൊറിയയുമായുള്ള ഐക്യപ്പെടലിനു കൂടുതൽ അവസരം തേടി ഉത്തര കൊറിയയും നടപടി തുടങ്ങി. 2021ലെ എഷ്യൻ ശീതകാല ഗെയിംസിനു ദക്ഷിണ കൊറിയയ്ക്കൊപ്പം ആതിഥേയത്വം വഹിക്കാൻ താൽപര്യമുണ്ടെന്ന് ഉത്തര കൊറിയ അറിയിച്ചു. ഉത്തര കൊറിയയിലെ മാസിക്രോങ് സ്കീ റിസോർട്ട് ഗെയിംസ് മൽസരങ്ങൾ നടത്താൻ യോഗ്യമാണെന്നും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്. ശീതകാല ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 

ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിംപിക്സില്‍ ഇരു കൊറിയകളുടെയും സംയുക്ത ടീമാണു വനിതാ ഐസ് ഹോക്കി മല്‍സരത്തിന് ഇറങ്ങിയത്. ഐക്യത്തിന്റെ പ്രതീകമായി ബെയ്ജിങ്ങിൽ നടക്കുന്ന അടുത്ത ഒളിംപിക്സിനും ഒറ്റ ടീമിനെ തന്നെയിറക്കുന്ന കാര്യവും പരിഗണനയിലാണ്. രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷൻ തലവൻ റെനെ ഫേസലടക്കം ഇക്കാര്യത്തിൽ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.