മന്ത്രിസഭ പുനഃസംഘടിപ്പിക്കില്ല; പാർട്ടിയിലെ വിഭാഗീയത അവസാനിച്ചെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം നടത്തുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തൃശൂർ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. അതേസമയം, സിപിഎമ്മിലെ വിഭാഗീയത ഇല്ലാതായെന്നു വാർത്താ സമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി. പാർട്ടിക്ക് ഇന്ന് ഒരു അഭിപ്രായമേയുള്ളൂ, വ്യത്യസ്ത ശബ്ദങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: സിപിഎം സംസ്ഥാന സമ്മേളനം: കൂടുതൽ വാർത്തകൾ

‘ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തും. മന്ത്രിസഭാ പുനഃസംഘടനയ്ക്കു സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടിക്കു സംവിധാനമുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനും തീരുമാനമെടുത്തു. സമ്മേളനത്തിലെ യച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെയല്ല. കോൺഗ്രസുമായി സഖ്യമില്ലെന്നാണു കേന്ദ്രകമ്മിറ്റി തീരുമാനം. അതാണു കേരളത്തിൽ നടപ്പാക്കുന്നത്. കേരള കോൺഗ്രസുമായി ചേരണമെന്ന് സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ – കോടിയേരി വ്യക്തമാക്കി.

അതേസമയം, 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആകെ 87 അംഗങ്ങളാണു പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. വി.എസ്. അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും. എം.എം. ലോറൻസ്, പാലോളി മുഹമ്മദ് കുട്ടി, പി.കെ. ഗുരുദാസൻ, കെ.എൻ. രവീന്ദ്രനാഥ് എന്നിവരും പ്രത്യേക ക്ഷണിതാവായി തുടരും.

മറ്റു പുതുമുഖങ്ങൾ: മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രൻ, ഗോപി കോട്ടമുറിക്കൽ, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണൻ, ആർ. നാസർ.

ഒഴിവാക്കപ്പട്ടവർ: ടി.കെ. ഹംസ, പി. ഉണ്ണി, കെ. കുഞ്ഞിരാമൻ, പിരപ്പൻകോട് മുരളി, കെ.എം. സുധാകരൻ, സി.കെ. സദാശിവൻ, സി.എ. മുഹമ്മദ്, എൻ.കെ. രാധ.

കൺട്രോൾ കമ്മിഷൻ അംഗങ്ങൾ: ടി.കൃഷ്ണൻ(ചെയർമാൻ), എം.എം.വർഗീസ്, ഇ.കാസിം, പ്രഫ.എം.ടി.ജോസഫ്, കെ.കെ.ലതിക