തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം

സിനിമയിലെ നർത്തകസംഘത്തിലെ നർത്തകിയായിരുന്നു ആന്ധ്രാ സ്വദേശിനിയായ രാജേശ്വരി. വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽനിന്ന് അകന്ന രാജേശ്വരിയുടെ സ്വപ്നമാണ് തമിഴിൽനിന്നു തുടങ്ങി പിൽക്കാലത്ത് ബോളിവുഡിന്റെ നായികാസിംഹാസനം വരെയെത്തിയത്. ആ സ്വപ്നത്തെ നാമറിയുന്നത് ശ്രീദേവിയെന്നാണ്. ഇന്ത്യൻ സിനിമയുടെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ. 

ശ്രീദേവിയും കമൽഹാസനും സത്യവാൻ സാവിത്രി എന്ന ചിത്രത്തിൽ

രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകൾ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി, തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകൾ ചെയ്തു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി. 

തെന്നിന്ത്യയിലെ താരങ്ങളുടെ ഗുരുവായ കെ.ബാലചന്ദർ തന്നെയാണ് ശ്രീദേവിയെ നായികയുടെ കിരീടമണിയിച്ചത്; ശിഷ്യന്മാരായ കമൽഹാസനും രജനീകാന്തിനുമൊപ്പം ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ, 1976 ൽ. അന്ന് പതിമൂന്നു വയസ്സായിരുന്നു ശ്രീദേവിയുടെ പ്രായം. പിന്നീട് കമലിനും രജനിക്കുമൊപ്പം ധാരാളം ചിത്രങ്ങൾ. ദക്ഷിണേന്ത്യയുടെ സ്വപ്നസുന്ദരിയായി ശ്രീദേവി മാറിയത് വളരെപ്പെട്ടെന്നാണ്. പിന്നാലെ വന്ന സിഗപ്പ് റോജാക്കൾ, മൂന്നാം പിറ തുടങ്ങിയ ചിത്രങ്ങൾ അവരുടെ താരപദവി അരക്കിട്ടുറപ്പിച്ചു. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും അക്കാലം ശ്രീദേവിയായിരുന്നു യുവാക്കളുടെ സ്വപ്നത്തിലെ രാജകുമാരി. 

ശ്രീദേവിയും രജനികാന്തും റാണവവീരൻ എന്ന ചിത്രത്തിൽ

1975 ൽ ജൂലിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ൽ സോൾവ സാവൻ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്‌വാലയാണ് ഹിന്ദിയിൽ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. പിന്നെ ഹിറ്റുകളുടെ നീളൻ പരമ്പര. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്. 

ഹിന്ദിയിൽ തിരക്കേറിയ താരമായപ്പോഴും അവർ മലയാള സിനിമയോടുള്ള ഇഷ്ടം മനസ്സിൽ ചേർത്തുവച്ചിരുന്നു. ‘‘മലയാള സിനിമാലോകം എനിക്ക് ഏറെ ഇഷ്ടമാണ്. സ്വാഭാവികമായ അഭിനയവും ജീവിതത്തോടു ചേർന്നുനിൽക്കുന്ന കഥകളും ഇത്രയേറെ മറ്റേതെങ്കിലും ഭാഷയിലുണ്ടെന്നു തോന്നുന്നില്ല. ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ മലയാളി അഭിനേതാക്കളുടെ ടൈമിങ് എനിക്ക് ഇന്നും അദ്ഭുതമാണ്.’’- ശ്രീദേവി ഒരു അഭിമുഖത്തിൽ പറഞ്ഞു. 

ശ്രീദേവിയും മിഥുൻ ചക്രവർത്തിയും

എൺപതുകളിൽ സൂപ്പർതാരം മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും വാർത്തകൾ‍ വന്നു, അതു ശരിവയ്ക്കുന്ന തരത്തിൽ മിഥുനും ചില അഭിമുഖങ്ങളിൽ സംസാരിച്ചു. പക്ഷേ പിന്നീട് അവർ അകന്നു. 

ഒരുപാടു സിനിമകളിൽ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ൽ, അനിൽകപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവർ സിനിമ വിടുകയും ചെയ്തു. പിന്നീട്, 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ൽ റീലീസിനൊരുങ്ങുന്ന സീറോ എന്ന  സിനിമ അവസാനത്തേതായി. 

ശ്രീദേവിയും ഭർത്താവ് ബോണി കപൂറും

മകൾ ജാഹ്നവിയുടെ സിനിമാപ്രവേശമായിരുന്നു ശ്രീദേവിയുടെ വലിയ സ്വപ്നം. കരൺ ജോഹർ നിർമിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാഹ്നവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണ് താരങ്ങളുടെ രാജ്ഞി ജീവിതത്തിന്റെ തിരശ്ശീലയൊഴിയുന്നത്.